ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിനാല്‍ വിദ്യാര്‍ഥിനിയെ സ്റ്റേഷനില്‍വെച്ച് തീവണ്ടിക്കുമുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ . 2022-ല്‍ ബിരുദ വിദ്യാർഥിനി സത്യയെ സെയ്ന്റ് തോമസ് റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിക്കുമുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി സതീഷിനാണ്(25) പ്രത്യേക വനിതാ കോടതി ജഡ്ജി ജെ. ശ്രീദേവി വധശിക്ഷ വിധിച്ചത്. 2022 ഒക്ടോബര്‍ 13-നായിരുന്നു സംഭവം.
CBCID സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സതീഷ് കുറ്റവാളിയാണെന്ന് വ്യക്തമാക്കിയിരുന്നു. പ്രതി മൂന്നുവര്‍ഷത്തെ കഠിന തടവ് അനുഭവിക്കണം. 35,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാലാണ് സത്യയെ സതീഷ് തീവണ്ടിക്കു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് കോടതി വിധിയിൽ വ്യക്തമാക്കി.ഈ സംഭവത്തെ തുടർന്ന് സത്യയുടെ അച്ഛനും സ്വയം ജീവനൊടുക്കിയിരുന്നു.
ചെന്നൈ ആദമ്പാക്കത്ത് സത്യയുടെ വീടിന് എതിര്‍വശത്തായിരുന്നു പ്രതി സതീഷ് താമസിച്ചിരുന്നത്. ഇയാള്‍ തുടര്‍ച്ചയായി സത്യയെ ശല്യം ചെയ്തിരുന്നു. ഒടുവില്‍ 2022 സെപ്റ്റംബറില്‍ സത്യയുടെ വിവാഹനിശ്ചയം കഴിഞ്ഞതോടെ ഇയാൾ സത്യയെ കൊല്ലാൻ ഉറപ്പിച്ച് കോളജിലേക്ക് പോകും വഴി, റയിൽവേ സ്റ്റേഷനിൽ എത്തി കൊലപ്പെടുത്തുകയായിരുന്നു.
ഇരയുടെ ഇളയ സഹോദരിമാര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 302 പ്രകാരമുള്ള കൊലപാതകത്തിനും തമിഴ്നാട് പീഡന വിരുദ്ധ നിയമത്തിലെ സെക്ഷന്‍ 4 പ്രകാരമുള്ള പീഡനത്തിനുമാണ് പ്രതിക്ക് മഹിളാ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
Death penalty for the accused in the case of killing a woman who refused his love