ലെബനനില്‍ മരണം 9 ലേക്ക്, 200 പേര്‍ അത്യാസന്ന നിലയില്‍, മരിച്ചവരില്‍ ഹിസ്ബുള്ള നേതാക്കളുടെ മക്കളും; പ്രതികരിക്കാതെ ഇസ്രയേല്‍

ബെയ്റൂട്ട്: ഭീകര സംഘടനയായ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനില്‍ പേജറുകളിലൂടെ നടത്തിയ സ്ഫോടനത്തില്‍ ഒരു പെണ്‍കുട്ടിയടക്കം ഒമ്പത് പേര്‍ മരിക്കുകയും 2,800 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് സ്ഥിരീകരിച്ചു. കിഴക്കന്‍ ലെബനനിലെ ബേക്കാ താഴ്വരയിലാണ് ഒരു ഹിസ്ബുല്ല അംഗത്തിന്റെ 10 വയസ്സുള്ള മകള്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ലെബനനിലെ തങ്ങളുടെ അംബാസഡര്‍ മൊജ്തബ അമാനിക്കും പരിക്കേറ്റതായി ഇറാന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

ഹിസ്ബുള്ള നിയമനിര്‍മ്മാതാക്കളായ അലി അമ്മാര്‍, ഹസന്‍ ഫദ്ലല്ല എന്നിവരുടെ മക്കളും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് ഗ്രൂപ്പുമായി അടുത്ത വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.

ലെബനനില്‍ ഇന്നലെ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ഇരകള്‍ക്ക്‌ മുഖത്തും കൈകളിലും വയറിലുമാണ് കൂടുതലും മുറിവുകളുണ്ടായിരിക്കുന്നത്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും നിരോധിച്ചിട്ടുള്ള ഹിസ്ബുള്ള, ലെബനനിലെ രാഷ്ട്രീയ-സൈനിക സ്ഥാപനവും ഇറാന്റെ പിന്തുണയുള്ളതുമാണ് സംഘടനയാണ്. 2023 ഒക്ടോബര്‍ മുതല്‍ ഗാസയില്‍ ഇസ്രായേലുമായി യുദ്ധം ചെയ്യുന്ന ഹമാസിനെ ഹിസ്ബുള്ള പിന്തുണയ്ക്കുന്നു.

പേജര്‍ സ്‌ഫോടനങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രയേലിനാണെന്നും ഇതുവരെ നേരിട്ട ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണിതെന്നും ഹിസ്ബുള്ള അവകാശപ്പെട്ടു. ഒരേസമയം നടന്ന ഈ സ്ഫോടനങ്ങളുടെ കാരണങ്ങള്‍ കണ്ടെത്താന്‍ ഹിസ്ബുള്ളയിലെ ബന്ധപ്പെട്ട അധികാരികള്‍ നിലവില്‍ വിപുലമായ സുരക്ഷാ പരിശോധനകളും ശാസ്ത്രീയ അന്വേഷണങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഹിസ്ബുള്ള വ്യക്തമാക്കി.

അതേസമയം, ഹിസ്ബുള്ളയുടെയോ ഇറാന്റെയോ ഈ അവകാശവാദങ്ങളോട് ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

More Stories from this section

family-dental
witywide