‘ക്രൈസ്തവര്‍ ഏത് രാഷ്ട്രീയം സ്വീകരിക്കണമെന്നതിന് ഇവരെപ്പോലുള്ളവരുടെ അഭിപ്രായം ആവശ്യമില്ല’; വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നതെന്ന വിമര്‍ശനവുമായി ദീപിക ദിനപത്രത്തിന്റെ മുഖപ്രസംഗം. രാഷ്ട്രീയക്കളികളില്‍ എന്തിന് ബിഷപ്പുമാരെ അവഹേളിക്കണം എന്ന തലക്കെട്ടില്‍ തയ്യാറാക്കിയിരിക്കുന്ന മുഖ്യപ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരിക്കുന്നത്. ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ ആക്ഷേപിക്കാന്‍ എന്തും വിളിച്ചുപറയുന്ന മന്ത്രിമാര്‍ അടക്കമുള്ള ഇടതുനേതാക്കളും മുഖ്യമന്ത്രിയടക്കം അവര്‍ക്ക് ഒത്താശ ചെയ്യുന്നവരും തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്ന് ലേഖനത്തില്‍ പറയുന്നു.

മന്ത്രി സജി ചെറിയാനും, കെ ടി ജലീല്‍ എംഎല്‍എയും ക്രൈസ്തവ സഭയ്ക്കും ബിഷപ്പുമാര്‍ക്കുമെതിരെ നടത്തിയ പ്രതികരണങ്ങള്‍ ജീര്‍ണ്ണതയുടെ സംസ്‌കാരം പേറുന്നവര്‍ക്കു ഭൂഷണമായിരിക്കാം. എന്നാല്‍ അവര്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമയ്ക്ക് ചേര്‍ന്നതല്ലെന്നും മുഖ്യപ്രസംഗം ഓര്‍മ്മിപ്പിക്കുന്നു. സജി ചെറിയാന്‍ വിളമ്പിയ മാലിന്യം ആസ്വദിച്ച് രോമാഞ്ചം കൊള്ളുന്നവര്‍ ആഗോള ക്രൈസ്തവ സഭ ഏറ്റുവാങ്ങിയ പീഢനങ്ങള്‍ ഓര്‍മ്മിക്കണമെന്നും മുഖപ്രസംഗത്തില്‍ സൂചനയുണ്ട്.

ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചം ഉണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം മറന്നുവെന്നുമുള്ള മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖപ്രസംഗത്തിലുള്ളത്. പാര്‍ട്ടി അണികളുടെ കൈയ്യടി നേടാന്‍ വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയുന്ന ചരിത്രമുള്ളയാളാണ് സജി ചെറിയാന്‍ എന്നും ക്രൈസ്തവരെ ആക്ഷേപിക്കുന്നത് മറ്റേതെങ്കിലും സമുദായത്തെ പ്രീതിപ്പെടുത്തി വോട്ടുബാങ്ക് ഉറപ്പിക്കാനാണോ എന്ന് സംശയിക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

വിടുവായത്തം തിരുത്താന്‍ സജി ചെറിയാനോട് പറയുന്നതിന് പകരം അതിന് പിന്തുണ നല്‍കുന്നതായിരുന്നു ഇന്നലെ മുഖ്യമന്ത്രി എറണാകുളത്ത് നടത്തിയ പ്രതികരണം. പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്ന മര്യാദ എല്ലാക്കാലവും ക്രൈസ്തവ സഭാ നേതൃത്വം പുലര്‍ത്തിയിട്ടുണ്ട്. നവകേരള സദസിന്റെ പ്രഭാത യോഗങ്ങളിലും ക്രൈസ്തവ മത മേലധ്യക്ഷന്‍മാര്‍ പങ്കെടുത്തിരുന്നു. അത് കണ്ട് സജി ചെറിയാന് രോമാഞ്ചമുണ്ടായോയെന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.

മണിപ്പൂരില്‍ നടന്ന കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും ഇരകളായവര്‍ക്കും നീതി കിട്ടണമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും മുഖ്യപ്രസംഗം വ്യക്തമാക്കുന്നു. കേരളത്തിലെ കത്തോലിക്കാ മെത്രന്മാര്‍ നടത്തിയ ക്രിസ്മസ് ആഘോഷത്തില്‍ കെ ടി ജലീല്‍ ദുഷ്ടലാക്ക് കണ്ടു. സോഷ്യല്‍ മീഡിയയിലൂടെ ജലീല്‍ വിഷം ചീറ്റിയെന്നും മുഖപ്രസംഗം ആരോപിക്കുന്നു. മുസ്ലിം ലീഗ് അധ്യക്ഷനും ബിജെപി അധ്യക്ഷനും കെസിബിസി സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തില്‍ ഒന്നിച്ചു വേദിപങ്കിട്ടതാണ് കെ ടി ജലീലിനെ അസ്വസ്ഥനാക്കിയതെന്നും മുഖപ്രസംഗം ആരോപിക്കുന്നു.

ക്രൈസ്തവര്‍ എന്തു രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കണമെന്നതിന് ഇവരെപ്പോലുള്ളവരുടെ ഉപദേശം ആവശ്യമില്ല. തങ്ങള്‍ ചെയ്യുമ്പോള്‍ ശരിയും മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ തെറ്റും എന്ന വിരോധാഭാസത്തെ പ്രത്യശാസ്ത്രമായി കൊണ്ടു നടക്കുന്നവരില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന പരിഹാസവും മുഖപ്രസംഗം മുന്നോട്ടു വയ്ക്കുന്നു.