വാഷിങ്ടൺ: ഇന്ത്യയിലെ മുസ്ലീം സമൂഹത്തിന്റെ അവസ്ഥയെക്കുറിച്ചു വിവരിക്കുന്ന അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു വാർത്താ റിപ്പോർട്ടിൽ പ്രതികരണവുമായി യുഎസ്. മതസ്വാതന്ത്ര്യത്തോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഈ വിഷയത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുമായി സംഭാഷണം നടക്കുകയാണെന്നും യുഎസ് പറഞ്ഞു.
“ലോകമെമ്പാടുമുള്ള രാജ്യങ്ങളിലുടെ മതസ്വാതന്ത്ര്യത്തിനോ വിശ്വാസത്തിനോ ഉള്ള അവകാശം സംരക്ഷിക്കാൻ ഞങ്ങൾ അഗാധമായ പ്രതിജ്ഞാബദ്ധരാണ്. എല്ലാ മതവിഭാഗങ്ങളിലെയും അംഗങ്ങൾക്കും തുല്യ പരിഗണനയുടെ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങൾ ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളുമായി ചർച്ച ചെയ്തിട്ടുണ്ട്,” യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലർ പ്രതിദിന പത്രസമ്മേളനത്തിൽ പറഞ്ഞു.
ന്യൂയോർക്ക് ടൈംസിൻ്റെ “സ്വന്തം മണ്ണിൽ അപരിചിതർ: മോദിയുടെ ഇന്ത്യയിൽ മുസ്‌ലിംകൾ” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ തുടർന്നാണ് ഈ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതിനുശേഷം “മതേതര ചട്ടക്കൂടും ശക്തമായ ജനാധിപത്യവും തകർത്തു” എന്ന് റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. തങ്ങളുടെ സ്വത്വത്തെ ചോദ്യം ചെയ്യുന്ന ഒരു രാജ്യത്ത് തങ്ങളുടെ കുട്ടികളെ വളർത്താൻ ശ്രമിക്കുമ്പോൾ ഇന്ത്യയിലെ മുസ്ലീം കുടുംബങ്ങൾ വേദനയും ഒറ്റപ്പെടലും അനുഭവിക്കുന്നുണ്ടെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.
നേരത്തെ റിപ്പോട്ടിനെതിരെ കേന്ദ്ര സർക്കാർ രംഗത്തുവന്നിരുന്നു. യു.എസ്.സി.ഐ.ആർ.എഫ് രാഷ്ട്രീയ അജണ്ടയുള്ള പക്ഷപാതപരാമയ സംഘടനയാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരവും ജനാധിപത്യപരവുമായ ധാർമ്മികത കമ്മീഷൻ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. കമ്മീഷൻ ഇന്ത്യാ വിരുദ്ധ പ്രചാരണമാണ് നടത്തുന്നതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാനുള്ള ശ്രമങ്ങൾ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.