ന്യൂഡൽഹി: തെക്കൻ കുവൈറ്റ് പട്ടണമായ മംഗഫിൽ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 41 പേർ മരിച്ചെന്നറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇന്ത്യൻ പ്രതിനിധി ക്യാമ്പ് സന്ദർശിച്ചതായും അദ്ദേഹം പറഞ്ഞു. തീപിടിത്തത്തെ തുടർന്ന് 40-ലധികം പേർ മരിക്കുകയും 50-ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. കുവൈറ്റിലെ ഇന്ത്യൻ എംബസി ദുരിതബാധിതരെ സഹായിക്കാൻ ഹെൽപ്പ് ലൈൻ നമ്പറും ആരംഭിച്ചിട്ടുണ്ട്.
“കുവൈത്ത് സിറ്റിയിലുണ്ടായ തീപിടിത്തത്തെക്കുറിച്ചുള്ള വാർത്ത വളരെ ഞെട്ടിച്ചു. 40-ലധികം മരണങ്ങളും 50-ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഞങ്ങളുടെ അംബാസഡർ ക്യാമ്പിലേക്ക് പോയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
“ദാരുണമായി ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എൻ്റെ അഗാധമായ അനുശോചനം. പരിക്കേറ്റവർ വേഗത്തിലും പൂർണ്ണമായും സുഖം പ്രാപിക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം. ഇക്കാര്യത്തിൽ ബന്ധപ്പെട്ട എല്ലാവർക്കും ഞങ്ങളുടെ എംബസി പരമാവധി സഹായം നൽകും,”അദ്ദേഹം കൂട്ടിച്ചേർത്തു.
ആവശ്യമായ നടപടികൾക്കും അടിയന്തര മെഡിക്കൽ ആരോഗ്യ പരിപാലനത്തിനും കുവൈറ്റ് നിയമപാലകർ, അഗ്നിശമനസേന, ആരോഗ്യ വകുപ്പ് അധികൃതർ എന്നിവരുമായി ബന്ധപ്പെട്ടുവരികയാണെന്നു കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. തീപ്പിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായുള്ള ഇന്ത്യൻ എംബസി ഹെൽപ്പ്‌ലൈൻ നമ്പർ: +965-65505246