ആലപ്പുഴ: ആലപ്പുഴയില്‍ നവജാത ശിശുവിന് അപൂര്‍വ വൈകല്യം കണ്ടെത്തിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവില്ലെന്ന് ആരോഗ്യ വകുപ്പ്. കുഞ്ഞിനുണ്ടായ വൈകല്യം അമ്മയ്ക്കു നടത്തിയ ആദ്യ സ്‌കാനിങ്ങില്‍ കണ്ടെത്താനാവാത്തതാണെന്നും ചികിത്സയില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവില്ലെന്നുമുള്ള ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി മീനാക്ഷിയുടെ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കൈമാറിയിട്ടുണ്ട്.
ആലപ്പുഴ കടപ്പുറം ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം വൈകല്യങ്ങളോടെ കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ചികിത്സയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
അമ്മയ്ക്കു നടത്തിയ അനോമലി സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ വൈകല്യങ്ങള്‍ കണ്ടെത്താനായിരുന്നില്ല. എന്നാല്‍, ഗര്‍ഭിണിയായ യുവതിയെയും കുടുംബത്തെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ ഡോക്ടര്‍മാരെ താക്കീത് ചെയ്യേണ്ടതുണ്ടെന്നും ഫ്ളൂയിഡ് കൂടുതലാണെന്നും വൈകല്യങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.