ഡല്‍ഹി ചലോ: കര്‍ഷകര്‍ക്കെതിരെ സ്വമേധയാ നടപടിയെടുക്കണമെന്ന് ചീഫ് ജസ്റ്റിസിന് കത്തെഴുതി ബാര്‍ അസോസിയേഷന്‍

ന്യൂഡല്‍ഹി: ഇരുന്നൂറോളം കര്‍ഷക സംഘടനകള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ചിനെതിരെ ബാര്‍ അസോസിയേഷന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ചു. പ്രതിഷേധ മാര്‍ച്ച് നടത്തുന്ന കര്‍ഷകര്‍ക്കെതിരെ സ്വമേധയാ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ (എസ്സിബിഎ) ചീഫ് ജസ്റ്റിസിന് കത്തയച്ചത്.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയില്‍ വലിയ തോതിലുള്ള പ്രതിഷേധം സംഘടിപ്പിക്കുന്ന ‘തെറ്റായ കര്‍ഷകരെ’ തിരിച്ചറിയണമെന്ന് എസ്സിബിഎ പ്രസിഡന്റ് ആദിഷ് അഗര്‍വാല തന്റെ കത്തില്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. പ്രതിഷേധം കോടതി നടപടികളെ തടസ്സപ്പെടുത്തുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. കൂടാതെ, പ്രക്ഷോഭം കാരണം അഭിഭാഷകര്‍ക്ക് ഹാജരാകാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രതികൂല ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്ന അഭ്യര്‍ത്ഥനയും കത്തിലുണ്ട്.

എല്ലാ വിളകള്‍ക്കും മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പാക്കു, സമ്പൂര്‍ണ കടം എഴുതിത്തള്ളല്‍, കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. മാര്‍ച്ച് കണക്കിലെടുത്ത് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും നിരവധി ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു. ക്രമസമാധാനപാലനത്തിനായി ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍ നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോണ്‍ക്രീറ്റ് ബ്ലോക്കുകളും കണ്ടെയ്നറുകളും ഉള്ള ബാരിക്കേഡുകളുടെ ഒന്നിലധികം നിരകളാണ് ദേശീയ തലസ്ഥാനത്തിലേക്കുള്ള പ്രവേശന പോയിന്റുകളില്‍ സ്ഥാപിച്ചിട്ടുള്ളത്. ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ നടപടികളും ഏര്‍പ്പെടുത്തിയതിനാല്‍, ഡല്‍ഹി, എന്‍സിആര്‍ പട്ടണങ്ങള്‍ക്കിടയില്‍ വാഹനയാത്രക്കാര്‍ വളരെ ഗതാഗതക്കുരുക്കിലൂടെയാണ് കടന്നുപോകുന്നത്.

കര്‍ഷക നേതാക്കളും കേന്ദ്രമന്ത്രിമാരും തമ്മിലുള്ള നിര്‍ണായക യോഗം തിങ്കളാഴ്ച രാത്രി വൈകിയും തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ കര്‍ഷകര്‍ തീരുമാനിക്കുകയായിരുന്നു.

More Stories from this section

family-dental
witywide