ചണ്ഡീഗഡ്: രാജ്യത്തെ 200 ഓളം കര്‍ഷക സംഘടനകള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിവന്ന ഡല്‍ഹി ചലോ പ്രതിഷേധ മാര്‍ച്ച് താത്ക്കാലികമായി നിര്‍ത്തിവെച്ചു. വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെ ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധത്തില്‍ നിന്നും കര്‍ഷകരെ പിന്തിരിപ്പിക്കാന്‍ ഇന്നലെ കേന്ദ്ര മന്ത്രിമാരും കര്‍ഷക സംഘടനാ നേതാക്കളും തമ്മില്‍ നാലാം വട്ട ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ ഫലമായി കേന്ദ്രം പുതിയ മിനിമം താങ്ങുവില പദ്ധതി മുന്നോട്ട് വെച്ചു. ഇതേത്തുടര്‍ന്ന് സര്‍ക്കാരിന്റെ നിര്‍ദ്ദേശം അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ തങ്ങളുടെ ഫോറങ്ങളില്‍ ചര്‍ച്ച ചെയ്യുമെന്നും അതിനുശേഷം ഭാവി നടപടി തീരുമാനിക്കുമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.
കര്‍ഷകരുമായി കരാറിലേര്‍പ്പെട്ട് അഞ്ച് വര്‍ഷത്തേക്ക് കുറഞ്ഞ താങ്ങുവിലയ്ക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ പയറുവര്‍ഗ്ഗങ്ങള്‍, ചോളം, പരുത്തി വിളകള്‍ എന്നിവ വാങ്ങാന്‍ സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഗോയല്‍ പറഞ്ഞു.
കര്‍ഷക സംഘടന നേതാക്കളുമായി കേന്ദ്രമന്ത്രിമാരുടെ പാനല്‍ ഇന്നലെ രാത്രി എട്ടുമണിയോടെ ചര്‍ച്ചയ്ക്ക് എത്തി. പുലര്‍ച്ചെ ഒരു മണിക്കാണ് ചര്‍ച്ച അവസാനിച്ചത്. കൃഷി, കര്‍ഷക ക്ഷേമ മന്ത്രി അര്‍ജുന്‍ മുണ്ട, വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവര്‍ ചര്‍ച്ചകള്‍ക്കായി സെക്ടര്‍ 26ലെ മഹാത്മാഗാന്ധി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ എത്തി. യോഗത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ചേര്‍ന്നു.
‘എന്‍സിസിഎഫ് (നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍), നാഫെഡ് (നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) തുടങ്ങിയ സഹകരണ സംഘങ്ങള്‍ ‘ടര്‍ഡാല്‍’, ‘ഉരദപ്പയം’, ‘മസൂര്‍ ദള്‍’ അല്ലെങ്കില്‍ ചോളം എന്നിവ കൃഷി ചെയ്യുന്ന കര്‍ഷകരുമായി കരാറില്‍ ഏര്‍പ്പെടും. അടുത്ത അഞ്ച് വര്‍ഷത്തേക്ക് അവരുടെ വിളകള്‍ എംഎസ്പിയില്‍ വാങ്ങുമെന്നും ഗോയല്‍ പറഞ്ഞു. മാത്രമല്ല, അളവിന് പരിധിയുണ്ടാകില്ലെന്നും ഇതിനായി ഒരു പോര്‍ട്ടല്‍ വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് പഞ്ചാബിലെ കൃഷിയെ രക്ഷിക്കുകയും ഭൂഗര്‍ഭജലവിതാനം മെച്ചപ്പെടുത്തുകയും ഭൂമിയെ തരിശായിക്കിടക്കുന്നതില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുമെന്നും ഗോയല്‍ വ്യക്തമാക്കി.
അതേസമയം, ഫെബ്രുവരി 19, 20 തീയതികളില്‍ ഞങ്ങളുടെ സംഘടനകളില്‍ ചര്‍ച്ച ചെയ്യുകയും ഇക്കാര്യത്തില്‍ വിദഗ്ധരുടെ അഭിപ്രായം സ്വീകരിക്കുകയും അതനുസരിച്ച് തീരുമാനമെടുക്കുകയും ചെയ്യുമെന്ന് കേന്ദ്ര നിര്‍ദ്ദേശത്തെക്കുറിച്ച് കര്‍ഷക നേതാവ് സര്‍വാന്‍ സിംഗ് പന്ദര്‍ പറഞ്ഞു. എന്നാല്‍, വായ്പ എഴുതിത്തള്ളലിനെയും മറ്റ് ആവശ്യങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ ഫലം കണ്ടിട്ടില്ല. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഇവ പരിഹരിക്കപ്പെടുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും, ‘ഡല്‍ഹി ചലോ’ മാര്‍ച്ച് നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചില്ലെങ്കില്‍ ഫെബ്രുവരി 21 ന് രാവിലെ 11 മണിക്ക് പുനരാരംഭിക്കുമെന്നും പന്ദര്‍ പറഞ്ഞു.
ഈ മാസം 8, 12, 15 തീയതികളില്‍ തങ്ങളുടെ ആവശ്യങ്ങളില്‍ ഉറച്ചുനിന്ന കേന്ദ്രമന്ത്രിമാരും കര്‍ഷക നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല.