ന്യൂഡല്‍ഹി: അഞ്ച് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കൊടുവിലും തങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിത്തരാന്‍ തയ്യാറല്ലെന്ന് ആരോപിച്ച് കര്‍ഷകരുടെ മാര്‍ച്ച് ആരംഭിച്ചു.
മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ നടത്തിയിട്ടും പ്രധാന ആവശ്യങ്ങളില്‍ ധാരണയിലെത്താന്‍ ഇരുപക്ഷവും പരാജയപ്പെട്ടത് മറ്റൊരു വലിയ കര്‍ഷക പ്രതിഷേധത്തിലേക്കാണ് വഴി തുറന്നത്. കേന്ദ്രമന്ത്രിമാരുമായുള്ള അഞ്ച് മണിക്കൂര്‍ ചര്‍ച്ച അനിശ്ചിതത്വത്തിലായതിന് ശേഷമാണ് കര്‍ഷക നേതാവ് സര്‍വാന്‍ സിംഗ് പന്ദര്‍ മാര്‍ച്ച് നടത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്. തങ്ങളുടെ ഒരു ആവശ്യവും സര്‍ക്കാര്‍ ഗൗരവമായി എടുക്കുന്നില്ലെന്നും, തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഞങ്ങള്‍ക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്തിരുന്നെങ്കില്‍, ഞങ്ങള്‍ക്ക് ഞങ്ങളുടെ പ്രക്ഷോഭം പുനഃപരിശോധിക്കാന്‍ കഴിയുമായിരുന്നുവെന്നും പാന്ദര്‍ പറഞ്ഞു.
എന്നാല്‍, ഒട്ടുമിക്ക വിഷയങ്ങളിലും സമവായത്തിലെത്തിയെന്നും സമിതി രൂപീകരിച്ച് മറ്റു ചിലത് പരിഹരിക്കാനുള്ള ഫോര്‍മുല നിര്‍ദേശിച്ചിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.
അതേസമയം, കര്‍ഷകര്‍ കടന്നുവരാന്‍ സാധ്യതയുള്ള എല്ലാ അതിര്‍ത്തികളില്‍ കനത്ത പോലീസ് സാന്നിധ്യമുണ്ട്. റോഡുകളില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍, അരമണിക്കൂറിനുള്ളില്‍ ബാരിക്കേഡുകള്‍ തകര്‍ക്കുമെന്ന് അവകാശപ്പെടുന്ന കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തിയിലെ കനത്ത ബാരിക്കേഡുകള്‍ കണ്ടൊന്നും മാര്‍ച്ചില്‍ നിന്നും പിന്മാറുമെന്ന് കണക്കുകൂട്ടാനാവില്ല.