കണ്ണീര്‍ വാതകവും ജലപീരങ്കിയും അടിയും മുറിവുകളും….പ്രക്ഷുബ്ധമായ ഒന്നാം ദിനം കഴിഞ്ഞു, ഇനി രണ്ടാം ദിനം

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രതിഷേധ മാര്‍ച്ച് ഇന്ന് രണ്ടാം ദിനത്തിലേക്ക് കടക്കുന്നു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ തളരാതെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍, കണ്ണീര്‍ വാതകവും ജലപീരങ്കിയും പോലീസുമായുള്ള ഏറ്റുമുട്ടലുകളും ഉയര്‍ത്തിയ പ്രക്ഷുബ്ധമായ ദിവസത്തെ മറി കടന്ന് രണ്ടാം ദിനത്തിലേക്ക് കടന്നു. ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ് കര്‍ഷകര്‍.

2020-21 ലെ പ്രതിഷേധത്തിന്റെ പ്രതിധ്വനികളായിരുന്നു ഇന്നലെ രാജ്യം കണ്ടത്. ബാരിക്കേഡും കണ്ണീര്‍ വാതകവും ജലപീരങ്കിലും അടിയും മുറിപ്പാടുകളും ചോരയും കലര്‍ന്ന ഇന്നലെ, ഇന്നത്തെ ദിവസത്തിനുള്ള ഊര്‍ജ്ജമായാണ് കര്‍ഷകര്‍ കണക്കുകൂട്ടുന്നത്.

ഇന്നലെ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് സേനയ്ക്കും പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റു. 24 പോലീസുകാര്‍ക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു, 60-ലധികം പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റതായി കര്‍ഷക നേതാക്കളും അവകാശപ്പെട്ടു. പോലീസ് അഭ്യര്‍ത്ഥിച്ചിട്ടും, പ്രതിഷേധക്കാര്‍ കല്ലെറിയുകയും ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ സ്ഥിതിഗതികള്‍ വഷളായി.

കേന്ദ്രവുമായുള്ള ചര്‍ച്ചകളില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും (രാഷ്ട്രീയേതര) കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും നേതൃത്വത്തിലാണ് ഡല്‍ഹി ചലോ മാര്‍ച്ച്. വിളകള്‍ക്ക് താങ്ങുവിലയും, വായ്പ എഴുതിത്തള്ളലും ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായാണ് കര്‍ഷക മാര്‍ച്ച്.

സമരം കുറച്ചുനാള്‍ നീണ്ടു നില്‍ക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെ ആറുമാസത്തെ ഭക്ഷണസാധനങ്ങളും ട്രാക്ടറുകള്‍ക്കുള്ള ഡീസലും ഉള്‍പ്പെടെ ശേഖരിച്ചാണ് കര്‍ഷകര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. സംഘര്‍ഷത്തിന്റെ വെളിച്ചത്തില്‍, പഞ്ചാബ് സര്‍ക്കാര്‍ ഹരിയാന അതിര്‍ത്തിക്ക് സമീപമുള്ള ആശുപത്രികളില്‍ ജാഗ്രത പുലര്‍ത്തുകയും ആംബുലന്‍സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്നതിന് കായികമായി തുനിഞ്ഞ പൊലീസുകാര്‍ക്ക് കോടതിയും ഉന്നത ഉദ്യോഗസ്ഥരും താക്കീത് നല്‍കിയതോടെ ഇന്നത്തെ പ്രതിഷേധം എത്തരത്തിലാകുമെന്ന് കണ്ടറിയണം.

അതേസമയം, ഡല്‍ഹി ചലോ മാര്‍ച്ചിന്റെ മുന്നോടിയായി ഡല്‍ഹിയില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ സുരക്ഷാ വലയം ഭേദിച്ച പ്രതിഷേധക്കാരെ കണക്കിലെടുത്ത് ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും മുള്ളുവേലികളും ശക്തിപ്പെടുത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide