ന്യൂഡൽഹി: കർഷകരുടെ ‘ദില്ലി ചലോ’ മാർച്ചിനെ കണ്ണീർവാതക ഷെല്ലുകളുതിർത്ത് നേരിട്ട് പൊലീസ്. സമരം പരിഹരിക്കാനായി ഇന്ന് നടത്താനിരുന്ന ഓണ്‍ലൈന്‍ ഓൺലൈൻ ചർച്ച വ്യാഴാഴ്ച വൈകുന്നേരത്തേക്ക് മാറ്റി. ഛണ്ഡീഗഢിൽ വച്ചാണ് കേന്ദ്രമന്ത്രിയും കർഷകരും തമ്മിലുള്ള ചർച്ച നടക്കുക.
കർഷകർക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തിയതാണ് ഇന്നത്തെ ചർച്ച മാറ്റിവയ്ക്കാൻ കാരണമായത്. ഡ്രോണുകൾ ഉപയോഗിച്ച് ആകാശത്തുനിന്നും കണ്ണീർവാതക ഷെല്ലുകൾ വർഷിക്കുന്നുണ്ട്. ജലപീരങ്കിയും പ്രയോഗിക്കുന്നതായി കർഷകർ ആരോപിച്ചു. ഡ്രോണുകള്‍ വഴി കണ്ണീര്‍ വാതകം പ്രയോഗിച്ച പൊലീസിനെ പട്ടം പറത്തിയാണ് കര്‍ഷകര്‍ പ്രതിരോധിച്ചത്.
പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് രാജ്യതലസ്ഥാനം ലക്ഷ്യമിട്ട് മാര്‍ച്ച് നടത്തുന്നത്. വിളകള്‍ക്ക് മിനിമം താങ്ങുവില സംബന്ധിച്ച നിയമം, വായ്പ എഴുതിത്തള്ളല്‍ എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഈ ‘ദില്ലി ചലോ’ പ്രക്ഷോഭം.
കേന്ദ്രസർക്കാരുമായി ചർച്ചയ്ക്ക് തയാറാണെന്ന് കർഷക സംഘടനകൾ അറിയിച്ചിരുന്നു. പിന്നാലെ ഓൺലൈൻ യോഗം നടത്താമെന്ന് സർക്കാർ വ്യക്തമാക്കി. ഓൺലൈൻ യോഗത്തിൽ എല്ലാവർക്കും പങ്കെടുക്കാൻ കഴിയാത്തതിനാൽ വ്യാഴാഴ്ച വൈകിട്ട് 5ന് ഛണ്ഡീഗഢിൽവച്ച് നേരിട്ടു ചർച്ച നടത്താനാണു പുതിയ തീരുമാനം. കര്‍ഷകരും സർക്കാരുമായി മൂന്നാമത്തെ ചർച്ചയാണ് വ്യാഴാഴ്ച നടക്കുന്നത്.