ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു. ഇക്കുറി ഇരയായത് ഡല്‍ഹി-ചിക്കാഗോ എയര്‍ ഇന്ത്യ വിമാനം. ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹി-ചിക്കാഗോ എയര്‍ ഇന്ത്യ വിമാനം കാനഡയിലെ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടതായി എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്ന് ഡല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന് ബോംബ് ഭീഷണിയുണ്ടാകുകയും തുടര്‍ന്ന് കാനഡയിലേക്ക് വഴിതിരിച്ചുവിട്ട് ഇക്വാല്യൂറ്റ് വിമാനത്താവളത്തില്‍ ഇറക്കുകയും ചെയ്യുകയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് ചിക്കാഗോയിലേക്ക് സര്‍വീസ് നടത്തുന്ന എഐ127 വിമാനമാണ് സുരക്ഷാ ഭീഷണി നേരിട്ടത്.
സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച് വിമാനത്തെയും യാത്രക്കാരെയും വീണ്ടും പരിശോധിക്കുകയാണെന്നും യാത്ര പുനരാരംഭിക്കാന്‍ കഴിയുന്ന സമയം വരെ യാത്രക്കാര്‍ക്ക് അവശ്യ സഹായങ്ങള്‍ ചെയ്തുകൊടുക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഒന്നിലധികം വിമാനങ്ങള്‍ ബോംബ് ഭീഷണിയുടെ പിടിയിലാണ്. ഇത് വിമാന യാത്രയുടെ കാര്യത്തില്‍ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തുകയും യാത്രക്കാരില്‍ ഭീതി പടര്‍ത്തുകയും ചെയ്യുന്നുണ്ട്.