ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ സിബിഐ അറസ്റ്റിനെ ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചു. സിബിഐ അറസ്റ്റ് ശരിവെച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്താണ് കെജ്‌രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
അരവിന്ദ് കെജ്‌രിവാളിന്റെ അഭിഭാഷകനായ മനു അഭിഷേക് സിങ്‌വി അടിയന്തര ലിസ്റ്റിങ്ങിനായി ചീഫ് ജസ്റ്റിസിന് മുമ്പാകെ ഇന്ന് വിഷയം പരാമര്‍ശിച്ചു. ഇ-മെയില്‍ അപേക്ഷ പരിശോധിച്ച് ഹർജി പരിഗണിക്കുന്ന തീയതി നിശ്ചയിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി.
സിബിഐ കേസില്‍ ജാമ്യം തേടികൊണ്ടുള്ള കെജ്രിവാളിന്റെ ഹർജി കഴിഞ്ഞദിവസമാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്. സിബിഐക്ക് കെജ്രിവാളിനെ കസ്റ്റഡിയില്‍ വയ്ക്കാനാവശ്യമായ തെളിവുകളില്ലെന്ന് അഭിഭാഷകന്‍ വാദിച്ചെങ്കിലും ജാമ്യം അനുവദിക്കാന്‍ സ്റ്റിസ് നിന ബന്‍സാല്‍ കൃഷ്ണ അധ്യക്ഷനായ ബെഞ്ച് തയ്യാറായില്ല. കേസിൽ ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാൻ പറഞ്ഞ ഹൈക്കോടതി ഹർജി തള്ളുന്നതായി അറിയിക്കുകയായിരുന്നു.
മദ്യനയ അഴിമതിക്കേസില്‍ ഇ.ഡി.കസ്റ്റഡിയിലിരിക്കെ ജൂണ്‍ 26-നാണ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. ജൂലായ് 12-ന് ഇ.ഡി.കേസില്‍ സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചു. എന്നാല്‍, സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കെജ്‌രിവാളിന് ജയില്‍മോചിതനാകാന്‍ സാധിച്ചിരുന്നില്ല.