ഡൽഹി: ഡൽഹി സർക്കാരിന്റെ വിവാദ മദ്യനയക്കേസില്‍ സിബിഐ കസ്റ്റഡയില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഹൈകോടതിയിൽ തിരിച്ചടി. സി ബി ഐ കേസില്‍ ജാമ്യം തേടികൊണ്ടുള്ള കെജ്രിവാളിന്റെ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി. സി ബി ഐക്ക് കെജ്രിവാളിനെ കസ്റ്റഡിയില്‍ വയ്ക്കാനാവശ്യമായ തെളിവുകളില്ലെന്ന് അഭിഭാഷകന്‍ മനു അഭിഷേഖ് സിംഗ്വി വാദിച്ചെങ്കിലും ജാമ്യം അനുവദിക്കാന്‍ സ്റ്റിസ് നിന ബന്‍സാല്‍ കൃഷ്ണ അധ്യക്ഷനായ ബെഞ്ച് തയ്യാറായില്ല. കേസിൽ ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാൻ പറഞ്ഞ ഹൈക്കോടതി ഹർജി തള്ളുന്നതായി അറിയിച്ചു. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
എക്സൈസ് നയക്കേസിലെ അഴിമതിയുടെ സൂത്രധാരൻ ഡല്‍ഹി മുഖ്യമന്ത്രിയാണെന്നും വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ആരോപിച്ച് കെജ്രിവാളിൻ്റെ ജാമ്യാപേക്ഷയെ അന്വേഷണ ഏജൻസി ശക്തമായ ഭാഷയില്‍ എതിർത്തിരുന്നു. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചതും സിബിഐയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. തെളിവുകളില്ലെങ്കിലും ഡല്‍ഹി മുഖ്യമന്ത്രി ജയിലില്‍ കഴിയുന്നത് ഉറപ്പാക്കാന്‍ വേണ്ടിയാണ് സി ബി ഐയുടെ അറസ്റ്റ് എന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷകന്റെ വാദം. സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസിലും ജാമ്യം ലഭിച്ചിരുന്നെങ്കില്‍ അരവിന്ദ് കെജ്‌രിവാളിന് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാമായിരുന്നു. എന്തായാലും ഇനി പോരാട്ടം വീണ്ടും സുപ്രീം കോടതിയിലേക്ക് നീളുകയാണ്.