ന്യൂഡല്‍ഹി: സിബിഐയുടെ അറസ്റ്റിനെതിരെ എഎപി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിങ്കളാഴ്ചയാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ഡല്‍ഹി മദ്യ നയ കേസില്‍ മാര്‍ച്ച് 21ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത അരവിന്ദ് കെജ്രിവാളിനെ ജൂണില്‍ സിബിഐയും അറസ്റ്റ് ചെയ്തിരുന്നു. മദ്യ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അരവിന്ദ് കെജ്രിവാളിന് പ്രാദേശിക കോടതി ജാമ്യം അനുവദിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു സിബിഐ നടപടി.
ജൂണ്‍ 26ന് അദ്ദേഹത്തെ മൂന്ന് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. തുടര്‍ന്ന് ജൂണ്‍ 29 ന്, ജൂലായ് 12 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. കെജ്രിവാളാണ് മദ്യനയ അഴിമതി കേസില്‍ മുഖ്യസൂത്രധാരനെന്നും അദ്ദേഹത്തെ കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടി വന്നേക്കുമെന്നുമാണ് സിബിഐയുടെവാദം.