ന്യൂഡല്‍ഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അഞ്ചാമത്തെയും അവസാനത്തെയും അനുബന്ധ കുറ്റപത്രം സമർപ്പിച്ച് സിബിഐ. കോടികളുടെ അഴിമതി ആരോപണം ഉയര്‍ന്ന ഡല്‍ഹി മദ്യനയം രൂപപ്പെടുത്തുന്നതിന്റെയും നടപ്പാക്കുന്നതിന്റെയും ക്രിമിനല്‍ ഗൂഢാലോചനയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുടക്കം മുതല്‍ പങ്കാളിയായിരുന്നെന്ന് കേന്ദ്ര അന്വേഷണ ഏജൻസി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി.
കൂട്ടുപ്രതി മനീഷ് സിസോദിയയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം മദ്യനയം രൂപവത്കരിച്ചപ്പോള്‍, അരവിന്ദ് കെജ്രിവാള്‍ പാര്‍ട്ടിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. അനുകൂലമായ മദ്യനയത്തിന് പകരം പണം ആവശ്യപ്പെട്ട് ഡല്‍ഹിയിലെ മദ്യവ്യവസായികളെ കെജ്രിവാളിന് വേണ്ടി അടുത്ത അനുയായിയും ആം ആദ്മി പാർട്ടിയുടെ മാധ്യമവിഭാഗം ചുമതലയുള്ള പ്രതി വിജയ് നായരാണ് സമീപിച്ചത്. 100 കോടി രൂപ ആവശ്യപ്പെട്ട് കൂട്ടുപ്രതിയും ബിആര്‍എസ് നേതാവുമായ കെ. കവിത നേതൃത്വം നല്‍കുന്ന ‘സൗത്ത് ഗ്രൂപ്പി’നെയും വിജയ് നായര്‍ ബന്ധപ്പെട്ടു.
മദ്യനയത്തിലൂടെ നേടിയ കള്ളപ്പണം പ്രതികളായ വിനോദ് ചൗഹാന്‍, ആശിഷ് മാത്തൂര്‍ എന്നിവര്‍ വഴി ഗോവയിലേക്ക് മാറ്റുകയും തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുകയും ചെയ്തതില്‍ കെജ്രിവാളിന്റെ പങ്ക് വ്യക്തമാണെന്നും സിബിഐ ആരോപിച്ചു. ‘സൗത്ത് ഗ്രൂപ്’ നല്‍കിയ 90-100 കോടി രൂപയില്‍ 44.5 കോടി രൂപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് ഗോവയിലേക്ക് അയച്ചതായും സിബിഐ ചൂണ്ടിക്കാട്ടി. ഈ കള്ളപ്പണം സ്വീകരിക്കുകയും വിനിയോഗിക്കുകയും ചെയ്തതില്‍ ഗോവയില്‍ ആപിന്റെ ചുമതലയുള്ള ദുര്‍ഗേശ് പഥകും ഉത്തരവാദിയാണെന്നും കുറ്റപത്രത്തിലുണ്ട്.
സിബിഐ ആരോപണങ്ങള്‍ ആം ആദ്മി പാർട്ടി നിഷേധിച്ചിരുന്നു. അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാള്‍ സമര്‍പ്പിച്ച ഹർജിയില്‍ സുപ്രീംകോടതി വിധി പറയാനിരിക്കുകയാണ്.