ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി മന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ കൈലാഷ് ഗഹ്ലോട്ട് രാജിവച്ചു. ഫെബ്രുവരിയിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ആം ആദ്മി പാര്‍ട്ടി ജനങ്ങളില്‍നിന്ന് അകന്നുവെന്ന് കൈലാഷ് ഗെലോട്ട് എഎപി നാഷനല്‍ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളിന് അയച്ച കത്തില്‍ ആരോപിച്ചു.
എഎപിയുടെ ജാട്ട് മുഖമായിരുന്നു കൈലാഷ്. ഗതാഗതം, നിയമം, ആഭ്യന്തരം, ഐടി വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. പാര്‍ട്ടി അംഗത്വവും രാജിവച്ച ഇദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് പ്രചാരണം.
— Kailash Gahlot (@kgahlot) November 17, 2024
യമുന നദി വൃത്തിയാക്കുന്ന പദ്ധതി എഎപി സര്‍ക്കാരിന് പൂര്‍ത്തിയാക്കാനായില്ല. ഒരു കാലത്തുമില്ലാത്തതുപോലെ യമുന മലിനമാണ്. ചിലരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളെ മറികടന്നതായും കേജ്രിവാളിന് അയച്ച കത്തില്‍ 50 കാരനായ കൈലാഷ് ആരോപിച്ചു.
എഎപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു കൈലാഷ്. എഎപി മുഖ്യമന്ത്രി സ്ഥാനത്തേക്കും പരിഗണിച്ചിരുന്നു. ജനങ്ങളെ സേവിക്കാനായി രാഷ്ട്രീയത്തില്‍ തുടരുമെന്നും വ്യക്തമാക്കിയ അദ്ദേഹം ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതി 50 കോടി ചെലവഴിച്ച് കൊട്ടാരം പോലെയാണ് നിര്‍മിച്ചതെന്നും വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാരുമായി നിരന്തരം തര്‍ക്കിച്ചാല്‍ വികസനം സാധ്യമാകില്ലെന്നും കൈലാഷ് ആരോപിക്കുന്നു.