‘അഴിമതിക്കെതിരെ പോരാടാനാണ് പാര്‍ട്ടി ജനിച്ചത്, എന്നാല്‍പാര്‍ട്ടി തന്നെ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്…’, രാജിവെച്ച് ഡല്‍ഹി മന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹി മന്ത്രിസഭയിലെ സാമൂഹ്യക്ഷേമ മന്ത്രി രാജ് കുമാര്‍ ആനന്ദ് ബുധനാഴ്ച തന്റെ മന്ത്രി സ്ഥാനവും ആം ആദ്മി പാര്‍ട്ടിയിലെ അംഗത്വവും രാജിവെച്ചു. അഴിമതിയാരോപണം ചൂണ്ടിക്കാട്ടിയാണ് രാജി.

‘അഴിമതിക്കെതിരെ പോരാടാനാണ് പാര്‍ട്ടി ജനിച്ചത്, എന്നാല്‍ ഇന്ന് പാര്‍ട്ടി തന്നെ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. എനിക്ക് ഈ സര്‍ക്കാരില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല, ഈ അഴിമതിയുമായി എന്റെ പേര് ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ എന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. രാഷ്ട്രീയം മാറുന്നതോടെ രാജ്യം മാറുമെന്ന് അരവിന്ദ് കെജ്രിവാള്‍ ജന്തര്‍ മന്തറില്‍ നിന്ന് പറഞ്ഞിരുന്നു, രാഷ്ട്രീയം മാറിയിട്ടില്ല, രാഷ്ട്രീയക്കാരന്‍ മാറിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

കൂടാതെ, ദലിതര്‍ക്ക് പാര്‍ട്ടിയില്‍ മതിയായ പ്രാതിനിധ്യമില്ലെന്നും ആനന്ദ് ആരോപിച്ചു. എഎപിയുടെ ദളിത് എംഎല്‍എമാര്‍ക്കോ മന്ത്രിമാര്‍ക്കോ കൗണ്‍സിലര്‍മാര്‍ക്കോ ഒരു ബഹുമാനവും നല്‍കിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്നത് പാര്‍ട്ടിക്ക് വലിയ തലവേദയാകുമ്പോഴാണ് കൂടെനില്‍ക്കേണ്ട മന്ത്രിയുടെ കാലുവാരല്‍.
കെജ്രിവാളിന്റെ രാജി ആവശ്യത്തില്‍ മുറവിളി കൂട്ടുന്ന ബിജെപിക്ക് വീണുകിട്ടിയ തുറുപ്പുചീട്ടായും ഇത് മാറുമെന്ന് ഉറപ്പാണ്.

More Stories from this section

family-dental
witywide