ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ വിദേശികള്‍ക്ക് തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റ് പിടിയിലായി. പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സംഘത്തിലുണ്ട്. ഇന്നലെ വിദേശികള്‍ ഉള്‍പ്പെടെ 42 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പിടിയിലായവരില്‍ 23 പേര്‍ ഏജന്റുമാരായി പ്രവര്‍ത്തിച്ചിരുന്നവരാണ്. മറ്റുള്ളവര്‍ യാത്രക്കാരും. ഇവരില്‍ 13 പേര്‍ ബംഗ്ലാദേശ് പൗരന്മാരാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. അറസ്റ്റിലായ ഏജന്റുമാരില്‍ ഒന്‍പത് പേര്‍ ബംഗാളില്‍ നിന്നുള്ളവരാണ്. നാല് പേര്‍ ഡല്‍ഹിക്കാരും മൂന്ന് പേര്‍ മഹാരാഷ്ട്രക്കാരും ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ഒഡിഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് പിടിയിലായത്. അനധികൃതമായി വിദേശയാത്ര ചെയ്യുന്നതിനാണ് ഇവരെല്ലാം വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കിയതെന്നും പൊലീസ് കണ്ടെത്തി.
‘വിദേശ പൗരന്മാര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് പോലുള്ള ഇന്ത്യന്‍ രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചാണ് റാക്കറ്റുകള്‍ സാധാരണയായി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇത് അധിക വ്യാജ രേഖകള്‍ സൃഷ്ടിക്കുന്നതിനുള്ള അടിത്തറയായി പ്രവര്‍ത്തിക്കുന്നു. ഒടുവില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ച് നല്‍കുന്നതിലേക്ക് സംഘം തിരിയുന്നുവെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഉഷാ രംഗ്നാനി പറഞ്ഞു.