ഉറപ്പിച്ചു, കോൺഗ്രസുമായി സഖ്യമില്ല! അന്തിമ പട്ടിക പ്രഖ്യാപിച്ചു, കെജ്രിവാൾ ന്യൂ ഡൽഹിയിൽ, മുഖ്യമന്ത്രി അതിഷി കൽക്കാജിയിൽ

ഡൽഹി: അടുത്ത വർഷം ഫെബ്രുവരി മാസത്തിൽ നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. 38 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് മത്സരിക്കും. ഡൽഹി മുഖ്യമന്ത്രി അതിഷി കൽക്കാജിയിൽ നിന്നും മത്സരിക്കും. മന്ത്രിമാരായ സൗരഭ് ഭരദ്വാജും ഗോപാൽ റായിയും യഥാക്രമം ഗ്രേറ്റർ കൈലാഷ്, ബാബർപൂർ എന്നീ സീറ്റുകളിൽ നിന്നും ജനവിധി തേടും. ഇതോടെ ആകെയുള്ള 70 സീറ്റുകളിലെയും സ്ഥാനാർഥികളെ ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചു. ഇതോടെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസസുമായി സഖ്യമുണ്ടാകില്ല എന്ന സന്ദേശം കൂടിയാണ് എ എ പി നൽകിയിരിക്കുന്നത്.

അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയതോടെ പൂർണ്ണ ആത്മവിശ്വാസത്തിലാണ് പാർട്ടി. തികഞ്ഞ ആത്മവിശ്വാസത്തോടെയും തയ്യാറെടുപ്പുകളോടെയും ഈ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഡൽഹിൽ ബിജെപി അദൃശ്യമാണ്. അവർക്ക് ഡൽഹിയെക്കുറിച്ച് കാഴ്ചപ്പാടില്ല. കെജ്‌രിവാളിനെ നീക്കം ചെയ്യൂ എന്ന മുദ്രാവാക്യം മാത്രമേ ബിജെപിക്കുള്ളു എന്നും കെജ്രിവാൾ പറഞ്ഞു.

ഡൽഹിയുടെയും അവിടത്തെ ജനങ്ങളുടെയും വികസനത്തിനായി എഎപിക്ക് വ്യക്തമായ ഒരു കാഴ്ചപ്പാടുണ്ട്. അത് നടപ്പാക്കാനുള്ള പദ്ധതിയും, വിദ്യാസമ്പന്നരായ നേതാക്കളും ആം ആദ്മി പാർട്ടിക്കുണ്ടെന്നും കെജ്രിവാൾ പറഞ്ഞു. 10 വർഷം കൊണ്ട് എഎപി ഡൽഹിയിൽ വരുത്തിയ മാറ്റങ്ങളുടെ ലിസ്റ്റ് ഉണ്ട്. ഡൽഹി നിവാസികൾ വോട്ട് ചെയ്യുന്നത് വികസനം കൊണ്ട് വരുന്നവർക്ക് വേണ്ടിയാണ്. അല്ലാതെ ദുരുപയോഗം ചെയ്യുന്നവർക്കല്ലെന്നും കെജ്രിവാൾ പരിഹസിച്ചു.

More Stories from this section

family-dental
witywide