ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു ജാമ്യം. അറസ്റ്റിലായി ജൂൺ 21നു മൂന്നു മാസം തികയാനിരിക്കെയാണു റോസ് അവന്യൂവിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. കോടതി നടപടികൾ പൂർത്തിയാക്കി കെജ്‍രിവാൾ വെള്ളിയാഴ്ച ജയിൽമോചിതനാകും എന്ന് എഎപി വൃത്തങ്ങൾ അറിയിച്ചു.
ജാമ്യ ഉത്തരവ് 48 മണിക്കൂര്‍ നേരത്തേക്ക് സ്റ്റേ ചെയ്യണമെന്ന് ഇ.ഡി. കോടതിയോട് ആവശ്യപ്പെട്ടുവെങ്കിലും കോടതി അംഗീകരിച്ചില്ല. ജാമ്യത്തിൽ യാതൊരു സ്റ്റേ ഇല്ലെന്നും സ്പെഷ്യൽ ജഡ്ജ് ബിന്ദു വ്യക്തത വരുത്തി.
കെജ്‌രിവാളിനെതിരേ ഇ.ഡിയുടെ പക്കൽ തെളിവുകളില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കെജ്‌രിവാളിനെതിരേയുള്ള എല്ലാ കേസും, ചില മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണെന്നും അഭിഭാഷകൻ. മദ്യനയവുമായി ബന്ധപ്പെട്ട് കെജ്‌രിവാള്‍ 100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവുണ്ടെന്നായിരുന്നു ഇഡിയുടെ വാദം.
ജാമ്യ ഉത്തരവ് ലഭിക്കുന്നതോടെ കെജ്‌രിവാൾ ജയിലിൽ നിന്ന് പുറത്തിറങ്ങും. വെള്ളിയാഴ്ചയോടെ കെജ്‌രിവാൾ ജയിലിൽ നിന്ന് പുറത്തിറങ്ങുമെന്നാണ് വിവരം. നേരത്തേ, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുറച്ചുദിവസം കെജ്‌രിവാൾ ജാമ്യത്തിലിറിങ്ങിയിരുന്നു. അന്നു സുപ്രീംകോടതിയുടെ ഇടക്കാലജാമ്യം ലഭിച്ച കെജ്‌രിവാൾ ജൂൺ രണ്ടിനാണു തിരികെ ജയിലിൽ പ്രവേശിച്ചത്.