‘ഡെമോക്രാറ്റുകൾ ഒരു വൃദ്ധനെ ബലിയാടാക്കി’; ബൈഡനെ പരിഹസിച്ച് വിവേക് രാമസ്വാമി

വാഷിംഗ്ടൺ: 2024ലെ റിപ്പബ്ലിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ അയോവ കോക്കസുകളിൽ നാലാം സ്ഥാനത്തെത്തി പുറത്തായ ഇന്ത്യൻ-അമേരിക്കൻ സംരംഭകൻ വിവേക് ​​രാമസ്വാമി, യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ കടുത്തവിമർശനവുമായി രംഗത്ത്. 81 വയസുള്ള ബൈഡന്റെ പ്രായത്തെക്കുറിച്ചും ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചുമായിരുന്നു വിവേക് രാമസ്വാമിയുടെ വിമർശനം.

വ്യാഴാഴ്ച രാത്രി (പ്രാദേശിക സമയം) സിഎൻഎൻ ആതിഥേയത്വം വഹിച്ച ബൈഡനും ട്രംപും തമ്മിലുള്ള സംവാദം അവസാനിച്ച സാഹചര്യത്തിലാണ് രാമസ്വാമിയുടെ പരാമർശം.

“ഗെയിം ഇപ്പോൾ കൂടുതൽ വ്യക്തമാണ്. ഡെമോക്രാറ്റ് പാർട്ടി ഇന്ന് രാത്രി ഒരു വൃദ്ധനെ തങ്ങളുടെ ബലിയാടാക്കി. യഥാർഥ ഡെമോക്രാറ്റ് സ്ഥാനാർത്ഥിയെ അവതരിപ്പിക്കാൻ അവരീ കൊമേഴ്സ്യൽ ബ്രേക്ക് ഉപയോഗിക്കണം,” വിവേക് രാമസ്വാമി പരിഹസിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

“ജെ6നെ കുറിച്ചും ട്രംപിന്റെ ശിക്ഷാവിധിയെ കുറിച്ചും സംസാരിച്ചപ്പോൾ മാത്രമാണ് ബൈഡൻ ജീവിതവുമായി ബന്ധപ്പെട്ട എന്തെങ്കിലും ഒരു കാര്യത്തെ കുറിച്ച് പരാമർശിച്ചത്. അമേരിക്കക്കാരെ ബാധിക്കുന്ന യഥാർത്ഥ വിഷയങ്ങളൊന്നും ബൈഡൻ ശ്രദ്ധിക്കുന്നതേയില്ലെന്നാണ് മനസിലാകുന്നത്.” ബൈഡന് മരുന്നു കൊടുക്കുന്നതിന് പകരം ലോബോട്ടമൈസ് ചെയ്തിരിക്കുകയാണെന്നും വിവേക് രാമസ്വാമി പരിഹരിച്ചു.

സാധാരണ ചികിത്സയോട് പ്രതികരിക്കാത്ത മാനസിക രോഗങ്ങളുള്ള ആളുകൾക്ക് ആശ്വാസം നൽകുന്നതിനുള്ള ശസ്ത്രക്രിയയാണ് ലോബോടോമി. തന്റെ പരിഹാസത്തിലൂടെ ബൈഡന് മാനസിക പ്രശ്നമാണെന്നാണ് വിവേക് രാമസ്വാമി സൂചിപ്പിക്കുന്നത്. അതേസമയം ക്യാപിറ്റോൾ കലാപം നടന്ന ജനുവരി ആറാം തിയതിയെയാണ് ജെ6 എന്നതുകൊണ്ട് വിവേക് രാമസ്വാമി അർത്ഥമാക്കിയത്.

More Stories from this section

family-dental
witywide