കോട്ടയം: വൈക്കത്ത് കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. വൈക്കം ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്കുമാർ ടി.കെ ആണ് വിജിലൻസിന്റെ പിടിയിലായത്. പോക്കുവരവ് ആവശ്യത്തിനായി പ്രവാസിയിൽനിന്ന് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പിടിയിലായത്.
പരാതിക്കാരന്റെ ഭാര്യയുടെ പേരിലുള്ള 24 സെന്റ് വസ്തു പോക്കുവരവ് ചെയ്യാൻ വില്ലേജ് ഓഫിസിൽ എത്തിയപ്പോൾ പോക്കുവരവ് ചെയ്തു ലഭിച്ചത് 11 സെന്റ് മാത്രമായിരുന്നു. ഇത് പരിഹരിക്കാനായി താലൂക്ക് ഓഫിസിൽ അപേക്ഷ നൽകിയപ്പോൾ ഡപ്യൂട്ടി തഹസിൽദാരായ സുഭാഷ് കുമാർ അറുപതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
ആദ്യ പടിയായ 25,000 രൂപ ഇന്ന് നൽകാനായിരുന്നു ആവശ്യപ്പെട്ടത്. എടിഎമ്മിൽ പണം നിക്ഷേപിക്കാനായിരുന്നു ആവശ്യം. എടിഎമ്മിൽ പണം നിക്ഷേപിക്കാൻ അറിയില്ലെന്ന് പറഞ്ഞ പരാതിക്കാരനെയും കൂട്ടി സുഭാഷ് തന്നെ എടിഎമ്മിൽ എത്തുകയായിരുന്നു. ഇതിനിടെയാണ് കോട്ടയം വിജിലൻസ് ഡിവൈ.എസ്.പി വി.ആർ. രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
Deputy Tahsildar Arrested in bribery case at Vaikam