മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ തയ്യാർ, തീരുമാനം അറിയിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: ലോക് സഭ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ എൻ ഡി എ സഖ്യത്തിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ ഉപുമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജി സന്നദ്ധത അറിയിച്ച് ദേവേന്ദ്ര ഫഡ്നാവിസ്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സുസജ്ജമാക്കാന്‍ സംഘടനാ ചുമതലയിലേക്കു മാറാമെന്നും ഫഡ്നാവിസ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.

2019 ലെ ലോക്സഭാ തിരഞ്ഞടുപ്പില്‍ മഹാരാഷ്ട്രയില്‍ ബി ജെ പിക്ക് 23 സീറ്റുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഒന്‍പത് സീറ്റിലൊതുങ്ങി. പാര്‍ട്ടിക്കുണ്ടായ ഈ വലിയ തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റെടുത്താണ് ഫഡ്നാവിസ് രാജിവെക്കാമെന്ന് അറിയിച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ മുഴുവന്‍ സമയവും സംഘടാനതലത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും ഫഡ്നാവിസ് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളില്‍ പതിനേഴ് എണ്ണത്തില്‍ മാത്രമാണ് എന്‍ഡിഎ വിജയിച്ചത്.

എന്നാൽ ഫഡ്നാവിസ് രാജിവയ്ക്കില്ലെന്ന് ബി ജെ പി നേതാവും മന്ത്രിയുമായ ഗിരീഷ് മഹാജൻ അഭിപ്രായപ്പെട്ടു. അത്തരമൊരു തീരുമാനം പാർട്ടി അംഗീകരിക്കില്ല. തോൽവിയുടെ ഉത്തരവാദിത്വം മാത്രമാണ് ഫഡ്നാവിസ് ഏറ്റെടുത്തതെന്നും മഹാരാഷ്ട്ര സർക്കാരിൽ ഉപമുഖ്യമന്ത്രി സ്ഥാനത്ത് ഫഡ്നാവിസ് തുടരുമെന്നും ഗിരീഷ് മഹാജൻ കൂട്ടിച്ചേർത്തു.

Devendra Fadnavis Wants To Quit As Deputy Chief Minister After Maharashtra Result