ഇന്ത്യന്‍ ടീമിനെ തിരികെ എത്തിച്ചത് ഷെഡ്യൂള്‍ ചെയ്ത വിമാനം ക്യാന്‍സല്‍ ചെയ്ത് ; എയര്‍ ഇന്ത്യയോട് റിപ്പോര്‍ട്ട് തേടി ഡിജിസിഎ

ന്യൂഡല്‍ഹി: നാലു ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷം ബാര്‍ബഡോസില്‍ നിന്നും ടി20 ലോകകപ്പുമായി ഇന്ത്യന്‍ ടീം ന്യൂഡല്‍ഹിയിലേക്ക് പറന്നിറങ്ങുമ്പോള്‍ ഒപ്പമെത്തുന്നത് വിവാദവും. ബാര്‍ബഡോസില്‍ നിന്ന് ടി20 ലോകകപ്പ് ടീമിനെ എത്തിക്കുന്നതിനായി എയര്‍ ഇന്ത്യ ഷെഡ്യൂള്‍ ചെയ്ത വിമാനം ക്യാന്‍സലാക്കിയെന്ന് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എയര്‍ ഇന്ത്യയോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്.

ബാര്‍ബഡോസില്‍ നിന്നുള്ള യാത്രയ്ക്കായി നെവാര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് സ്ഥിരമായി സര്‍വീസ് നടത്താന്‍ നിശ്ചയിച്ചിരുന്ന ബോയിംഗ് 777 വിമാനം പിന്‍വലിച്ചതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നുമുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഡിജിസിഎയുടെ നടപടി.

വിമാനം റദ്ദാക്കിയത് ഡിജിസിഎയുടെ സിവില്‍ ഏവിയേഷന്‍ നിയമങ്ങളുടെ (സിഎആര്‍) ഗുരുതരമായ ലംഘനമാണെന്ന് വ്യോമയാന വിദഗ്ധന്‍ മോഹന്‍ രംഗനാഥന്‍ പ്രതികരിച്ചു.

എന്നാല്‍, യാത്രക്കാരാരും നെവാര്‍ക്ക് വിമാനത്താവളത്തില്‍ കുടുങ്ങിയിട്ടില്ലെന്നും നെവാര്‍ക്ക്-ഡല്‍ഹി ഫ്‌ളൈറ്റില്‍ ബുക്ക് ചെയ്ത എല്ലാ യാത്രക്കാരെയും വിമാനം റദ്ദാക്കിയ വിവരം മുന്‍കൂട്ടി അറിയിക്കുകയും ഒരു ബദല്‍ സംവിധാനം ഒരുക്കുകയും ചെയ്തുവെന്നും എയര്‍ ഇന്ത്യയില്‍ നിന്നും അനൗദ്യോഗിക പ്രതികരണങ്ങള്‍ വന്നിട്ടുണ്ട്. പക്ഷേ വിമാനം റദ്ദുചെയ്ത വിവരം അറിയിച്ചില്ലെന്ന് വ്യക്തമാക്കി യാത്രക്കാരില്‍ ചിലരും രംഗത്തെത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide