എഡിജിപിക്കെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് വൈകുന്നു, അജിത് കുമാറിന് ശനിയാഴ്ച്ച നിർണായകം, നടപടി ഉറപ്പെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിലടക്കം എ ഡി ജി പി എം.ആർ അജിത് കുമാറിനെതിരായ ഡി ജി പിയുടെ അന്വേഷണ റിപ്പോർട്ട് വൈകുന്നു. സംസ്ഥാന പൊലീസ് മേധാവിയായ ഡി ജിപി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ റിപ്പോർട്ട് വെള്ളിയാഴ്ച സർക്കാരിന് സമർപ്പിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അതുണ്ടായില്ല. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം ഡി ജി പി ശനിയാഴ്ച അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നാണ്. ഡി ജി പിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവരാനിക്കെ എ ഡി ജി പി അജിത് കുമാറിനെതിരെ നടപടി ഉറപ്പാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

എ ഡി ജി പിക്കെതിരായ പരാതികളിൽ ഡി ജി പിയുടെ റിപ്പോർട്ട് വെള്ളിയാഴ്ച സർക്കാറിന് സമർപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ റിപ്പോർട്ട് അന്തിമമാക്കാൻ സമയം എടുത്തതാണ് വൈകാൻ കാരണമെന്നാണ് വിവരം. ആർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയിൽ എ ഡി ജി പിയുടെ വിശദീകരണം തള്ളിയാണ് റിപ്പോർട്ടെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. രണ്ട് ഉന്നത ആർഎസ് എസ് നേതാക്കളെ കണ്ടതിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡി ജി പിയുടെ നിലപാട്.

തിങ്കളാഴ്ച മുതൽ വിവാദ വിഷയങ്ങൾ സഭയിലെത്തുമെന്നതിനാൽ അതിന് മുമ്പ് നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എ ഡി ജി പി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും നീക്കുന്നതടക്കമുള്ള നടപടികൾ വേണമെന്നാണ് സി പി ഐയുടെ നിലപാട്. നിരന്തരം ആവശ്യം തള്ളുന്ന മുഖ്യമന്ത്രിയുടെ നടപടിയിൽ സി പി ഐ നേതൃത്വവും കടുത്ത അമർഷത്തിലാണ്. അജിത് കുമാറിനെ മാറ്റാൻ ഒരുപാട് അവസരമുണ്ടായിട്ടും എ ഡി ജി പിക്ക് അസാധാരണ പിന്തുണ നൽകുന്ന മുഖ്യമന്ത്രി, ഡി ജി പിയുടെ റിപ്പോർട്ടിൽ നടപടിയെടുക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് സി പി ഐ. അപ്പോഴും മാറ്റം ക്രമസമാധാനചുമതലയിൽ നിന്ന് മാത്രമാകുമെന്നാണ് സൂചന. സസ്പെൻഷൻ അടക്കമുള്ള അച്ചടക്കനടപടിക്ക് സാധ്യത കുറവാണെന്നും വിലയിരുത്തലുണ്ട്.

More Stories from this section

family-dental
witywide