മുൻ റിപ്പബ്ലിക്കൻ വൈസ് പ്രസിഡൻ്റ് ഡിക് ചെനി കമലാ ഹാരിസിനെ പിന്തുണയ്ക്കും, ട്രംപിനെ വിശ്വസിക്കാൻ കഴിയില്ലെന്നും ചെനി

നവംബറിലെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ ഡൊണാൾഡ് ട്രംപിനല്ല, ഡെമോക്രാറ്റ് കമലാ ഹാരിസിന് വോട്ട് ചെയ്യുമെന്ന് മുൻ റിപ്പബ്ലിക്കൻ വൈസ് പ്രസിഡൻ്റ് ഡിക്ക് ചെനി. മുൻ പ്രസിഡൻ്റ് ട്രംപിനെ “ഇനി ഒരിക്കലും വിശ്വസിക്കരുത്” എന്ന് അദ്ദേഹം മുന്നറിയിപ്പും നൽകി.

“നമ്മുടെ രാജ്യത്തിൻ്റെ 248 വർഷത്തെ ചരിത്രത്തിൽ, നമ്മുടെ റിപ്പബ്ലിക്കിന് ഡൊണാൾഡ് ട്രംപിനേക്കാൾ വലിയ ഭീഷണിയായ ഒരു വ്യക്തി ഇല്ല,” ചെനി പ്രസ്താവനയിൽ പറഞ്ഞു. “വോട്ടർമാർ തന്നെ തള്ളിക്കളഞ്ഞതിന് ശേഷവും അധികാരത്തിൽ തുടരാൻ നുണകളും അക്രമങ്ങളും അഴിച്ചുവിട്ട അദ്ദേഹം കഴിഞ്ഞ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു. ഇനിയൊരിക്കലും അദ്ദേഹത്തെ വിശ്വസിക്കാൻ കഴിയില്ല. പൗരന്മാർ എന്ന നിലയിൽ, നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാൻ, പക്ഷപാതത്തിന് അതീതമായി, രാജ്യത്തെ ഉയർത്താൻ നമുക്ക് ഓരോരുത്തർക്കും കടമയുണ്ട്. അതുകൊണ്ടാണ് ഞാൻ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിന് വോട്ട് ചെയ്യുന്നത്, ”അദ്ദേഹം പറഞ്ഞു.

ചെനിയുടെ പിന്തുണ ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്നും ” പാർട്ടിക്ക് ഉപരിയായി രാജ്യത്തിൻ്റെ നിലനിൽപ്പിനു പ്രാധാന്യം നൽകുന്ന അദ്ദേഹത്തിൻ്റെ ധൈര്യത്തെ ആഴത്തിൽ ബഹുമാനിക്കുന്നു” എന്നും കമല ഹാരിസ് അറിയിച്ചു.

ചെനിയുടെ മകളും മുൻ വ്യോമിംഗ് ജന പ്രതിനിധിയുമായ ലിസ് ചെനി നേരത്തെ തന്നെ കമലയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. ടെക്‌സാസിലെ ഓസ്റ്റിനിലെ ടെക്‌സാസ് ട്രിബ്യൂൺ ഫെസ്റ്റിവലിനിടെ തൻ്റെ പിതാവ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലയ്ക്ക വോട്ട് ചെയ്യുമെന്ന് വെളിപ്പെടുത്തിയിരുന്നു.

Dick Cheney says he’s voting for kamala Harris and Trump can never be trusted again