നസ്‌റല്ലയുടെ പിന്‍ഗാമിയേയും ഇസ്രയേല്‍ വധിച്ചോ? ഒരു വിവരവുമില്ലെന്ന് ലെബനന്‍ സുരക്ഷാ വൃത്തങ്ങള്‍

ബെയ്‌റൂട്ട്/ജെറുസലേം: ഇറാന്‍ പിന്തുണയുള്ള ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസന്‍ നസ്റല്ലയുടെ പിന്‍ഗാമിയായെക്കുറിച്ച് വെള്ളിയാഴ്ച മുതല്‍ വിവരമില്ലെന്ന് ലെബനന്‍ സുരക്ഷാ വൃത്തങ്ങള്‍ ശനിയാഴ്ച പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിസ്ബുള്ളയെ ലക്ഷ്യംവെച്ച് വ്യാഴാഴ്ച വൈകി ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് നസ്റല്ലയുടെ പിന്‍ഗാമി ഹാഷിം സഫീദ്ദീനെ കാണാതായത്. ഇയാള്‍ കഴിഞ്ഞിരുന്ന ഭൂഗര്‍ഭ ബങ്കറില്‍ ഇസ്രയേല്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശമായ ദഹിയേ എന്നറിയപ്പെടുന്ന സ്ഥലത്ത് വെള്ളിയാഴ്ച മുതല്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് അങ്ങോട്ടേക്ക് എത്താനാകുന്നില്ല. ആക്രമണസ്ഥലത്ത് പരിശോധന നടത്തുന്നതില്‍ നിന്ന് തടഞ്ഞുവെന്നും ലെബനീസ് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം, ആക്രമണത്തിന് ശേഷം സഫീദ്ദീനെ കുറിച്ച് ഹിസ്ബുള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് ആസ്ഥാനം ലക്ഷ്യമിട്ട് വ്യാഴാഴ്ച രാത്രി നടത്തിയ വ്യോമാക്രമണം സൈന്യം ഇപ്പോഴും വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് ഇസ്രായേലി ലെഫ്റ്റനന്റ് കേണല്‍ നദവ് ഷോഷാനി പ്രതികരിച്ചു.