വാഷിങ്ടൺ: ഇറാനെതിരെ വ്യോമാക്രമണം നടത്തുന്നതിന് മുമ്പ് പാകിസ്ഥാൻ വാഷിംഗ്ടണുമായി കൂടിയാലോചന നടത്തിയിരുന്നോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി യുഎസ്.
ഇറാനിൽ ആക്രമണം നടത്തുന്നതിന് മുമ്പ് പാകിസ്ഥാൻ യുഎസുമായി ആലോചിച്ചുവെന്ന് അവകാശപ്പെടുന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന്, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ ഒഴിഞ്ഞുമാറി.
മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ യുഎസ് ആശങ്കാകുലരാണെന്നും എല്ലാ ഭാഗത്തുനിന്നും സംയമനം പാലിക്കണമെന്നും മില്ലർ പറഞ്ഞു.
ഈ വിഷയങ്ങൾ ഊതിപ്പെരുപ്പിക്കേണ്ട ആവശ്യമില്ലെന്നും പാകിസ്ഥാനും അയൽരാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പാകിസ്ഥാൻ സർക്കാരിന്റെ അഭിപ്രായങ്ങൾ യുഎസ് ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇറാനും പാകിസ്ഥാനും തമ്മിലുള്ള സാഹചര്യം യുഎസ് ഭരണകൂടം എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് മറുപടിയായി, “മേഖലയിൽ സംഘർഷം വർദ്ധിക്കുന്നതിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. നിരവധി തവണ സംസാരിച്ച കാര്യമാണ്. ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചതാണ്. ഒക്ടോബർ 7 മുതൽ ഞങ്ങൾ ആശങ്കാകുലരാണ്.”
“അതുകൊണ്ടാണ് ഞങ്ങൾ തീവ്രമായ നയതന്ത്ര ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. പാകിസ്ഥാനും അയൽക്കാരും തമ്മിലുള്ള സഹകരണ ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പാകിസ്ഥാൻ ഗവൺമെന്റിന്റെ അഭിപ്രായങ്ങൾ ഞങ്ങൾ ശ്രദ്ധിച്ചു. ഈ സാഹചര്യത്തിൽ എല്ലാ ഭാഗത്തുനിന്നും സംയമനം പാലിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു,”അദ്ദേഹം കൂട്ടിച്ചേർത്തു.
മാത്യു മില്ലർ ഇറാനെ ഹിസ്ബുള്ളയുടെ പ്രധാന ധനസഹായി എന്നും വർഷങ്ങളായി ഹമാസിന്റെ പ്രധാന പിന്തുണക്കാരെന്നും വിശേഷിപ്പിച്ചു.