
ഭോപ്പാൽ: ബിജെപിയിലേക്ക് മാറുന്നുവെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥ്. താൻ അങ്ങനെ പറയുന്നത് എപ്പോഴെങ്കിലും ആരെങ്കിലും കേട്ടിട്ടുണ്ടോ എന്ന് കമൽനാഥ് ചോദിച്ചു.
ഇന്ന് മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കമൽനാഥ് ഇക്കാര്യം പറഞ്ഞത്. അഞ്ച് ദിവസത്തെ സന്ദർശനത്തിനായാണ് കോൺഗ്രസ് നേതാവ് ജില്ലയിലെത്തിയത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജില്ലയിലെ വിവിധ അസംബ്ലികളിൽ പോയി പ്രവർത്തകരുമായും പാർട്ടി ഭാരവാഹികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
“നിങ്ങൾ മാധ്യമങ്ങളാണ് ഇത് പറയുന്നന്നത്. മറ്റാരും പറയുന്നില്ല. നിങ്ങൾ ഇത് എപ്പോഴെങ്കിലും എൻ്റെ വായിൽ നിന്ന് കേട്ടിട്ടുണ്ടോ? എന്തെങ്കിലും സൂചനയുണ്ടോ? ഒന്നുമില്ല. നിങ്ങൾ ഒരു വാർത്ത സൃഷ്ടിച്ചു, അത് പ്രചരിപ്പിച്ചു. എന്നിട്ട് അതിനെക്കുറിച്ച് എന്നോട് ചോദിക്കുക. ആദ്യം മാധ്യമങ്ങൾ ഇത് നിഷേധിക്കണം,” കമൽനാഥ് പറഞ്ഞു.
അടുത്തിടെ, കമൽനാഥും മകൻ നകുൽ നാഥും ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.