ദിലീപ് എത്തുന്നത് മുന്‍കൂട്ടി അറിഞ്ഞില്ല, സന്നിധാനത്ത് ഒരു സഹായവും ചെയ്തിട്ടില്ല; സന്നിധാനം സ്‌പെഷല്‍ ഓഫിസര്‍ കോടതിയില്‍

കൊച്ചി: ശബരിമല സന്നിധാനത്ത് നടന്‍ ദിലീപ് വിഐപി ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്ന് ശബരിമല സ്പെഷ്യല്‍ പൊലീസ് ഓഫിസര്‍. സന്നിധാനം സ്‌പെഷല്‍ ഓഫിസര്‍ പി ബിജോയ് ആണ് ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ദിലീപിന് പ്രത്യേക പരിഗണന നല്‍കി ദര്‍ശന സൗകര്യം ഒരുക്കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ദിലീപ് സന്നിധാനത്ത് എത്തുന്നുവെന്ന കാര്യത്തില്‍ മുന്‍കൂട്ടി ഒരു വിവരവും ലഭിച്ചിരുന്നില്ലെന്നും നടനു പ്രത്യേകമായി ഒരു പരിഗണനയും നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് മനസിലാകുന്നത് ദിലീപ് എത്തിയത് ഹരിവരാസനത്തിനായി നട അടയ്ക്കുന്നതിനു 10 മിനിറ്റ് മുന്‍പ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫിസറുമൊത്താണ്. ആ സമയത്ത് ആലപ്പുഴ ജില്ലാ ജഡ്ജി കെ കെ ബാലകൃഷ്ണനും മകനും സോപാനത്തിന്റെ വാതില്‍ക്കല്‍ ഉണ്ടായിരുന്നു. ഈ സമയത്ത് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ദിലീപ്, സുഹൃത്ത് ശരത്, ഡ്രൈവര്‍ അപ്പുണ്ണി എന്നിവര്‍ പുറത്തുകാത്തുനിന്നു. ഹരിവരാസനം തുടങ്ങിയ സമയത്ത് ഇവിടെയുണ്ടായിരുന്ന രണ്ട് ദേവസ്വം ഗാര്‍ഡുമാരാണ് ദിലീപിനെയും മറ്റുള്ളവരെയും ആദ്യ നിരയിലേക്ക് കയറി നില്‍ക്കാന്‍ അനുവദിച്ചത്.

ഇവിടം ദേവസ്വം ഗാര്‍ഡുമാരുടെ നിയന്ത്രണത്തിലാണെന്നും സോപാനം സ്‌പെഷല്‍ ഓഫിസര്‍ക്കാണ് സോപാനത്തിന്റെ ഉത്തരവാദിത്തമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

More Stories from this section

family-dental
witywide