കൊച്ചി: ശബരിമലയില്‍ നടന്‍ ദിലീപ് വിഐപി ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് സോപാനം സ്പെഷ്യല്‍ ഓഫീസര്‍. മനഃപൂര്‍വ്വമല്ലാത്ത പിഴവ് സംഭവിച്ചുവെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ശബരിമലയില്‍ നടന്‍ ദിലീപ് സന്ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. കുറച്ചുനേരത്തേക്ക് ദര്‍ശനം തടസ്സപ്പെട്ടുവെന്നും വിശദീകരണം ലഭിച്ചശേഷം തുടര്‍ നടപടിയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.