കൊച്ചി: ശബരിമലയില്‍ നടന്‍ ദിലീപ് വിഐപി ദര്‍ശനം നടത്തിയതിനെതിരെ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം. നടനു വിഐപി പരിഗണന എങ്ങനെ കിട്ടിയെന്നായിരുന്നു കോടതിയുടെ ചോദ്യം. ദിലീപ് ദര്‍ശനം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡിനോട് കോടതി നിര്‍ദേശിച്ചു. വിഷയം ചെറുതായി കാണാനാകില്ലെന്നാണ് കോടതി അറിയിച്ചത്.
വിഐപി ദര്‍ശനം നടത്തിയ കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ, ദിലീപിന് വിഐപി പരിഗണന എങ്ങനെ കിട്ടിയെന്ന് കോടതി ദേവസ്വം ബോര്‍ഡിനോട് ചോദിച്ചു. ഇന്നു പുലര്‍ച്ചെയാണ് ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. രാവിലെ ദേവസ്വം ബെഞ്ചിന്റെ സിറ്റിങ്ങിലാണ് കോടതി ഇക്കാര്യം ചോദ്യം ചെയ്തത്. വിഷയം ഉച്ചയ്ക്കു പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.