കോഴിക്കോട്: ഇടുക്കി അതിരൂപതയ്ക്കു പിന്നാലെ വിവാദ ചിത്രം ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ താമരശ്ശേരി രൂപതയും. താമരശ്ശേരി രൂപതയുടെ കെസിവൈഎം യൂണിറ്റുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. പരമാവധിപേർ സിനിമ കാണണമെന്നും ചിത്രത്തിന്റെ ലിങ്ക് ഷെയർ ചെയ്യണമെന്നും രൂപതയുടെ യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം നല്‍കി. ശനിയാഴ്ച മുതല്‍ വിവാദ ചിത്രം പ്രദര്‍ശിപ്പിക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തീവ്രവാദ റിക്രൂട്ടിങ് നടക്കുന്നുവെന്ന് താമരശ്ശേരി രൂപതയുടെ യുവജനവിഭാഗമായ കെസിവൈഎം ആരോപിച്ചു. 300 ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മതംമാറ്റത്തിന് ഇരയായി. സംഘടിത നീക്കം നടക്കുന്നു. കുട്ടികളെ ബോധവത്കരിക്കാനാണ് സിനിമ പ്രദര്‍ശിപ്പിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നും കെസിവൈഎം പ്രസിഡന്റ് റിച്ചാര്‍ഡ് ജോണ്‍ പ്രതികരിച്ചു.
ഇന്നലെ ഇടുക്കി രൂപത കേരള സ്റ്റോറി പ്രദർശിപ്പിച്ചിരുന്നു. ചിത്രം ബോധവത്കരണത്തിന്റെ ഭാഗമായാണ് പ്രദര്‍ശിപ്പിച്ചതെന്ന് ഇടുക്കി അതിരൂപത മീഡിയ ഡയറക്ടര്‍ ജിന്‍സ് കാരക്കോട്ട് പറഞ്ഞു. ഇടുക്കി രൂപതയില്‍ 10 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്.
വിദ്യാർത്ഥികൾക്കു മുന്നില്‍ ഒരിക്കലും വര്‍ഗീയ ആശയത്തെക്കുറിച്ച് പറയാനുള്ള ശ്രമമുണ്ടായിട്ടില്ലെന്ന് അതിരൂപതയുടെ മീഡിയ ഡയറക്ടര്‍ വിശദീകരിച്ചു. പ്രണയക്കുരുക്കിലാക്കി തീവ്രവാദത്തിലേക്ക് കൊണ്ടുപോകുന്ന ലൗ ജിഹാദ് ഉണ്ടെന്ന് മാത്രമാണ് പറഞ്ഞത്. പ്രണയത്തെക്കുറിച്ച് പറയുമ്പോഴും ദി കേരള സ്‌റ്റോറിയെക്കുറിച്ച് പറയുമ്പോഴും ഒരു തരത്തിലുള്ള വര്‍ഗീയ പരാമര്‍ശങ്ങളും നടത്തിയിട്ടില്ലെന്നും അതിരൂപത വിശദീകരിച്ചു.