കൊച്ചി: ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെ ചോദ്യം ചെയ്യുന്നു. പ്രത്യേക അന്വേഷണസംഘം കൊച്ചിയിലാണ് രഞ്ജിത്തിനെ ചോദ്യം ചെയ്യുന്നത്.
ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ പീഡനപരാതി നല്‍കിയത്. സിനിമ ഓഡിഷനെന്ന പേരില്‍ കൊച്ചിയിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നായിരുന്നു പരാതി. രഞ്ജിത്തിന്റെ പാലേരിമാണിക്യം സിനിമയിലഭിനയിക്കാന്‍ കൊച്ചിയിലെത്തിയ നടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്. ഓണ്‍ലൈന്‍ വഴി പ്രത്യേക അന്വേഷണസംഘം മുന്‍പാകെ നടി മൊഴിയും നല്‍കിയിരുന്നു.
രഞ്ജിത്തിനെതിരായ കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. കോടതി പരിഗണിച്ച ഘട്ടത്തില്‍ ഇത് ജാമ്യം ലഭിക്കാവുന്ന കേസാണിതെന്ന് കോടതി പരാമര്‍ശിച്ചു. ഇതില്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്നും കൂടുതല്‍ വകുപ്പുകള്‍ ഇക്കാര്യത്തില്‍ രഞ്ജിത്തിനെതിരെ ചുമത്തിയിട്ടില്ലെന്നും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കോടതി മുന്‍കൂര്‍ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്.
നടിയുടെ പരാതിക്കു പിന്നാലെ മറ്റൊരു യുവാവും രഞ്ജിത്തിനെതിരെ പീഡനപരാതി നല്‍കിയിരുന്നു. ബംഗളൂരുവിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നുമായിരുന്നു പരാതി. ഈ കേസില്‍ രഞ്ജിത്തിന്റെ അറസ്റ്റ് മുപ്പത് ദിവസത്തേക്ക് കോടതി തടഞ്ഞിരുന്നു.
Director Ranjith is interrogated by a special investigation team on the complaint of a Bengali actress