രഞ്ജിത്ത് രാജിക്ക്? ഔദ്യോഗിക വാഹനത്തിലെ നെയിം ബോർഡ് മാറ്റി; മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടെന്ന് സൂചന

ലൈംഗികാതിക്രമ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവച്ചതായി സൂചന. രഞ്ജിത്തിന്റെ ഔദ്യോഗിക വാഹനത്തിൽ നിന്ന് നെയിംബോർഡ് അഴിച്ചുമാറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ രഞ്ജിത്തിനോട് രാജി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

അതേസമയം, രഞ്ജിത്ത് താമസിക്കുന്ന വയനാട്ടിലെ റിസോട്ടിലേക്ക് പ്രതിഷേധ മാർച്ചുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്പടിച്ചിരിക്കുകയാണ്. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും മാറി നിൽക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. നടിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിയപരമായ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സിനിമാ മേഖലയിൽ നിന്നടക്കം വിമർശനം ഉയരുന്നതിന് പിന്നാലെയാണ് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. റിസോർട്ട് ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്ത് പൊലീസ് സംഘമെത്തിയിട്ടുണ്ട്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയേക്കും.

ബംഗാളി അഭിനേത്രി ശ്രീലേഖ മിത്രയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ചത്. പാലേരി മാണിക്കം സിനിമയിൽ അഭിനയിക്കാനായി വിളിച്ച് വരുത്തിയ രഞ്ജിത് മോശമായി പെരുമാറിയെന്ന് പേര് സഹിതം നടി തുറന്നു പറഞ്ഞതോടെ വലിയ പ്രതിഷേധമുയർന്നു. എന്നാൽ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാകില്ലെന്നായിരുന്നു സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്.

More Stories from this section

family-dental
witywide