‘നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്സ് ആവശ്യപ്പെട്ടു, ചോദ്യം ചെയ്തപ്പോൾ എന്നെ വിലക്കി’: സൗമ്യ സദാനന്ദൻ

കൊച്ചി: നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്‌സ് ആവശ്യപ്പെട്ടതിനെ എതിര്‍ത്തതിന് തന്നെ സിനിമയില്‍നിന്നു വിലക്കിയെന്ന് സംവിധായക സൗമ്യ സദാനന്ദന്‍. സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലാണ് ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ സൗമ്യ പങ്കുവച്ചത്.

സിനിമയിലെ നല്ല ആണ്‍കുട്ടികള്‍ക്ക് പോലും മറ്റൊരു മുഖമുണ്ടെന്നും തന്റെ ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹനിര്‍മാതാവും എഡിറ്റ് ചെയ്‌തെന്നും സൗമ്യ ആരോപിക്കുന്നു. ആദ്യ സിനിമയ്ക്ക് ശേഷം മറ്റു പ്രൊജക്ടുകളുമായി നിര്‍മാതാക്കള്‍ സഹകരിച്ചില്ലെന്നും സൗമ്യ ആരോപിച്ചു.

എന്റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി, എന്ന കുറിപ്പോടു കൂടിയാണ് സൗമ്യ സിനിമയില്‍നിന്ന് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. പുതിയ പ്രൊജക്ടുകളുമായി വനിതാ നിര്‍മാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സൗമ്യ പറയുന്നു. ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ ഇതെല്ലാം വെളിപ്പെടുത്തിയിട്ടുണ്ടെന്നും സൗമ്യ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കുഞ്ചാക്കോ ബോബന്‍ നായകനായ ‘മാംഗല്യം തന്തുനാനേന’ എന്ന സിനിമയുടെ സംവിധായികയാണ് സൗമ്യ.