പോളിങ് ശതമാനം പരസ്യമാക്കാൻ നിയമമില്ല, അത് ആളുകളെ ആശയക്കുഴപ്പത്തിലാക്കും: തിരഞ്ഞെടുപ്പ് കമ്മിഷൻ

വോട്ടര്‍മാരുടെ പോളിങ് ശതമാനം രേഖപ്പെടുത്തുന്ന ഫോം 17-സിയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ നിയമം ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലെ പോളിങ് കണക്കുകള്‍ പുറത്തുവിടാന്‍ വൈകുന്നത് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിക്ക് മറുപടിയായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചത്. സ്ഥാനാര്‍ഥികള്‍ക്കും ബൂത്ത് ഏജന്റുമാര്‍ക്കും മാത്രമല്ലാതെ മറ്റാര്‍ക്കും വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫോം 17-സിയുടെ സ്‌കാന്‍ ചെയ്ത കോപ്പി എത്രയും വേഗം തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം എന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഫോം 17-സിയുടെ മുഴുവന്‍ വിവരങ്ങളും അപ്പോള്‍തന്നെ പുറത്തുവിടുന്നത് ബൂത്തുകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഇത് വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം. ഈ സമയത്ത് ഫോം 17-സിയുടെ യഥാര്‍ഥ പതിപ്പ് സ്‌ട്രോങ് റൂമിലായിരിക്കും. ഇതിന്റെ കോപ്പിയാണ് ബൂത്ത് ഏജന്റുമാര്‍ക്ക് മാത്രം നല്‍കുന്നത്, തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി

ഒറ്റരാത്രികൊണ്ട് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കില്ല എന്നായിരുന്നു ആദ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയില്‍ പറഞ്ഞത്. രണ്ടുദിവസം കൊണ്ട് വിവരങ്ങള്‍ പൂര്‍ണമായി പ്രസിദ്ധീകരിക്കുന്നതില്‍ എന്താണ് പ്രയായം എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. ബിജെപിയെ സഹായിക്കാന്‍ പോളിങ് വിവരങ്ങള്‍ കാലതമസം വരുത്തി പ്രസിദ്ധീകരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

അറുപത് വര്‍ഷമായി ഈ നടപടികള്‍ നിലനില്‍ക്കുന്നുണ്ടെന്നും മാറ്റം വരുത്തണമെങ്കില്‍ ചട്ടത്തില്‍ ഭേദഗതി വരുത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. വോട്ടെടുപ്പ് ദിവസം രണ്ട് വാര്‍ത്താ കുറിപ്പുകള്‍ ഇറക്കുന്നുണ്ട്. മിക്ക പോളിങ് സ്‌റ്റേഷനുകളിലേയും ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ സമര്‍പ്പിച്ചശേഷം രാത്രി 11.44-ഓടെ അവസാന പത്രക്കുറിപ്പ് ഇറക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയില്‍ വ്യക്തമാക്കി.

disclosure of voter turnout data will cause confusion says Election commission

More Stories from this section

family-dental
witywide