മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഇടതു ഫണ്ടാക്കുമെന്ന് സുധാകരൻ; സംഭാവന നൽകിയ രമേശ് ചെന്നിത്തലയ്ക്കും വിമർശനം, സുധാകരനെ തള്ളി വി ഡി സതീശൻ

സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തമുഖത്തും സർക്കാരിൻ്റെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാപണ നുണ പ്രചാരണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ ഇടതുഫണ്ടെന്ന് ചീത്രീകരിച്ച് അതിലേക്ക് സംഭാവന ചെയ്യരുതെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉൾപ്പെടെയുള്ളവർ പ്രചാരണം നടത്തുന്നത്. എന്നാല്‍ സുധാകരൻ്റെ അഭിപ്രായത്തെ പിൻതള്ളിക്കൊണ്ട്, ദുരന്തമുഖത്ത് സര്‍ക്കാര്‍ സംവിധാനത്തെ പിന്തുണയ്ക്കാനാണ് ശ്രമിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തുവന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ചില കേന്ദ്രങ്ങളില്‍നിന്ന് പ്രചാരണം നടക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കിയത്. രമേശ് ചെന്നിത്തലയുടെ നടപടി അത്ര ശരിയല്ലെന്നായിരുന്നു കെ. സുധാകരൻ്റെ നിലപാട്. പണം ചെലവഴിക്കാന്‍ കോണ്‍ഗ്രസിന്റെ ഫോറങ്ങളുണ്ടെന്നും അതിലൂടെയാണ് സംഭാവന നല്‍കേണ്ടതെന്നുമായിരുന്നു കെപിസിസി പ്രസിഡന്റിന്റെ വാദം.

എന്നാല്‍ സുധാകരന്റെ നിലപാടിനെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തള്ളി. ദുരന്തസമയത്ത് സര്‍ക്കാരിനൊപ്പം നിൽക്കുകയാണ് വേണ്ടതെന്ന് സതീശന്‍ പറഞ്ഞു. വയനാടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയും മന്ത്രിമാരുമായി ആലോചിച്ചാണ് നടപ്പിലാക്കുന്നത്. നൂറുവീട് കെപിസിസി നിര്‍മിച്ചുനല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞതനുസരിച്ച് മുഖ്യമന്ത്രിയുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്തിയാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്നും സതീശന്‍ പറഞ്ഞു. വയനാട് ദുരന്തത്തില്‍ ബിജെപി രാഷ്ട്രീയം കലര്‍ത്തുകയാണെന്നും സതീശന്‍ പറഞ്ഞു. 2018ലെ പ്രളയഫണ്ടുമായി ബന്ധപ്പെട്ടാണ് ആളുകൾ സംശയമുന്നയിക്കുന്നത്. ഇത്തവണ വയനാടിന് ലഭിക്കുന്ന ഫണ്ട് പ്രത്യേക അക്കൗണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ കൂടുതൽ ആളുകൾ ഫണ്ട് നൽകുമെന്നും സതീശൻ.

Dispute in Congress Over Govt Relief Fund for Wayanad

More Stories from this section

family-dental
witywide