കല്യാണ വീടുകളിലും ഹാളിലുമെല്ലാം പലതരം തർക്കങ്ങളും ഉരസലുകളും ഉണ്ടാകാറുണ്ട്. വിഭവങ്ങൾ കിട്ടാത്തതിന്റെ പേരിൽ കൂട്ട തല്ല് നടന്ന നിരവധി വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. ഇത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ തെലങ്കാനയിൽ നിന്ന് പുറത്തുവരുന്നത്. മട്ടൻ കറി കിട്ടിയില്ലെന്നതിന്‍റെ പേരിൽ കല്യാണ പാർട്ടിയ്ക്കിടെ ഉണ്ടായത് കൂട്ടത്തല്ലാണ്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
നിസാമാബാദ് ജില്ലയിലെ നവിപേട്ട സ്വദേശിനിയായ യുവതിയും നന്ദിപേട്ട് മണ്ഡലത്തിൽ നിന്നുള്ള യുവാവും തമ്മിലുള്ള വിവാഹത്തിനിടെയാണ് സംഭവം നടക്കുന്നത്. നവിപേട്ടിലെ ഒരു ഫങ്ഷൻ ഹാളിൽ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. അതിനു ശേഷം അതിഥികൾക്കായി ഭക്ഷണം ഒരുക്കിയിരുന്നു. ഇതിനിടെയാണ് വരന്റെ വിഭാഗക്കാർക്കിടയിൽ മട്ടൻ വിളമ്പിയത്. രണ്ടു വീട്ടുകാരും ചിലവുകൾ പങ്കിട്ടാണ് കല്യാണ ദിവസം ഉച്ചഭക്ഷണം ഒരുക്കിയിരുന്നത്. എന്നാൽ, ആട്ടിറച്ചി വിളമ്പിയതിൽ വിവേചനം കാണിച്ചതായി ഒരു വിഭാഗം കുറ്റപ്പെടുത്തുകയായിരുന്നു. മദ്യപിച്ചെത്തിയ ചിലർ കൂടുതൽ ആട്ടിറച്ചി വിളമ്പാൻ ആവശ്യപ്പെട്ടെങ്കിലും കാറ്ററിങ് ജീവനക്കാർ വിസമ്മതിച്ചു. വാക്കുതർക്കത്തിനിടെ ഒരാൾ കാറ്ററിങ് ജീവനക്കാരനെ പാത്രങ്ങൾ കൊണ്ട് ആക്രമിച്ചതോടെ സംഘട്ടനത്തിലേക്ക് എത്തുകയായിരുന്നു. പിന്നെ കൂട്ടത്തല്ലാണ് നടന്നത്.
പാചകം ചെയ്യാനുപയോഗിച്ച വസ്തുക്കളും കല്ല്, വടി എന്നിവയും ഉപയോഗിച്ച് ഇവർ പരസ്പരം ആക്രമിച്ചു. വിവരമറിഞ്ഞ് പൊലീസ് ഉടൻ സ്ഥലത്തെത്തി ഇരുവിഭാഗത്തെയും പിടിച്ചു മാറ്റി. സംഭവത്തിൽ സ്ത്രീകളടക്കം 19 പേർക്കെതിരെ നവിപേട്ട് പൊലീസ് കേസെടുത്തു. പരിക്കേറ്റവരെ നിസാമാബാദ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.