ന്യൂഡൽഹി: ദേശീയ തലത്തിൽ കോൺഗ്രസിൻ്റെ മുൻനിര ജാതി സെൻസസ് എന്ന ആശയത്തെ തള്ളി കോൺഗ്രസ് നേതാവ് ആനന്ദ് ശർമ. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ആശയങ്ങൾക്ക് വിരുദ്ധമാണ് ജാതിസെൻസസ് എന്നും ജനാധിപത്യവിരുദ്ധമായ ഇത് കോൺഗ്രസ് ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നും ആനന്ദ് ശർമ, മല്ലികാർജുൻ ഖാർഗെക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ഇന്ത്യൻ സമൂഹത്തിൽ ജാതിയെന്നത് വസ്തുതയാണ്. എന്നാൽ കോൺഗ്രസ് ഒരിക്കലും ഇതിനെ തെരഞ്ഞെടുപ്പ് വാഗ്ദാനമായി മുന്നോട്ടുവയ്ക്കരുത്. വിവിധ മതങ്ങളിലും ജാതികളിലും വിശ്വാസങ്ങളിലുമുള്ളവര്‍ ഒരുമിച്ച് കഴിയുന്ന സമൂഹമെന്ന നിലയ്ക്ക് ജാതിയെ കൂട്ടുപിടിക്കുന്നത് ജനാധിപത്യത്തിന് കോട്ടം വരുത്തുന്ന നടപടിയാണെന്നും ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടി.
സാമൂഹിക നീതിയെ സംബന്ധിച്ച് ഇന്ത്യന്‍ സമൂഹത്തിന്റെ വൈവിധ്യത്തെ അടിസ്ഥാനപ്പെടുത്തി കൂടുതല്‍ പക്വതയാര്‍ന്ന നിലപാടുകളാണ് കോണ്‍ഗ്രസ് എടുക്കേണ്ടത്. ജാതിസെന്‍സ് രാജ്യം നേരിടുന്ന തൊഴിലില്ലായ്മയ്ക്കും അസമത്വത്തിനും പരിഹാരമാവില്ലെന്നും ആനന്ദ് ശര്‍മ കത്തിൽ ചൂണ്ടിക്കാട്ടി.
പൊതു തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലുമെല്ലാം ജാതി ഒരു പ്രചാരണ വിഷയമായി മാറിയാല്‍ അത് കൂടുതല്‍ തെറ്റിദ്ധാരണയിലേക്കും പ്രശ്‌നത്തിലേക്കും നയിക്കുമെന്ന മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വാക്കുകളും കത്തില്‍ ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടി.