
ന്യൂഡല്‍ഹി: റെമാല്‍ ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ നാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത നാശനഷ്ടം. കനത്ത മഴയിലും മണ്ണിടിച്ചിലിലും 36 പേര്‍ മരിച്ചു. മാത്രമല്ല, ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ മഴയില്‍ റോഡ്, റെയില്‍ ഗതാഗതങ്ങള്‍ താറുമാറായ എട്ട് സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളില്‍ ജനജീവിതം സ്തംഭിച്ചു. ശക്തമായ കാറ്റിനൊപ്പം പെയ്ത മഴയില്‍ ഉരുള്‍പൊട്ടലും മരങ്ങളും വൈദ്യുത തൂണുകളും കടപുഴകി, വൈദ്യുതി, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടു.
ഇന്നലെ, മിസോറാമിലെ ഐസ്വാളില്‍ ക്വാറി തകര്‍ന്ന് 21 പേര്‍ മരിച്ചു. 10 പേരെ കാണാതാവുകയും ചെയ്തു. മാത്രമല്ല, മിസോറാമില്‍ മറ്റ് അപകടങ്ങളില്‍ ഉള്‍പ്പെടെ ഇന്നലെ 27 പേര്‍ മരിച്ചപ്പോള്‍ നാഗാലാന്‍ഡില്‍ നാലും അസമില്‍ മൂന്നും മേഘാലയയില്‍ രണ്ടുപേരും മരിച്ചു. വെള്ളക്കെട്ട് കണക്കിലെടുത്ത്, പല ട്രെയിനുകളും റദ്ദാക്കുകയോ ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
നാഗാലാന്‍ഡില്‍, വിവിധ സംഭവങ്ങളിലായി കുറഞ്ഞത് നാല് പേര്‍ മരിച്ചു, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 ലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അസമില്‍ കാംരൂപ്, മോറിഗാവ് ജില്ലകളില്‍ മൂന്ന് പേര്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സോനിത്പൂര്‍ ജില്ലയിലെ ധെകിയാജുലിയില്‍ സ്‌കൂള്‍ ബസിനു മുകളില്‍ മരക്കൊമ്പ് വീണ് 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മൊറിഗാവില്‍ വിവിധ സംഭവങ്ങളിലായി അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മേഘാലയയില്‍ കനത്ത മഴയില്‍ രണ്ട് പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
മേഘാലയയില്‍ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നു. ഷില്ലോംഗ്-മാവ്ലായ് ബൈപാസിലും ഓക്ലന്‍ഡിലെ ബിവാര്‍ റോഡിലും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മിന്നല്‍ പ്രളയവും ഉണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനൊപ്പം കനത്ത മഴയും ത്രിപുരയെ തളര്‍ത്തി. സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലുമായി 470 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും 750 പേര്‍ വിവിധ ജില്ലകളിലായി 15 ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയംതേടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ശരാശരി 215.5 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. അരുണാചല്‍ പ്രദേശില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.