മംഗളുരു: ഗംഗാവാലി പുഴയിലെ ലോറിക്കുള്ളിൽ നിന്ന് കണ്ടെത്തിയ അർജുന്റെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കാൻ ജില്ലാ ഭരണ കൂടത്തിന്റെ തീരുമാനം. അർജുന്‍റെ ലോറിയാണെന്നതടക്കമുള്ള കാര്യങ്ങൾ സ്ഥിരീകരിച്ചതോടെ ക്യാബിനിൽ കണ്ടെത്തിയത് അർജുന്‍റെ മൃതദേഹ ഭാഗങ്ങൾ തന്നെയെന്ന് ഉറപ്പാക്കിയ ജില്ലാ ഭരണകൂടം ഡി എൻ എ പരിശോധനയില്ലാതെ മൃതദേഹ ഭാഗങ്ങൾ കുടുംബത്തിന് വിട്ട് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. അർജുൻ ലോറിയിൽ കിടന്നുറങ്ങുന്നത് കണ്ടുവെന്ന സാക്ഷി മൊഴികളുടെയടക്കം അടിസ്ഥാനത്തിലാണ് മൃതദേഹം പരിശോധനയില്ലാതെ ബന്ധുക്കൾക്ക് വിട്ട് നൽകുന്നത്.
നേരത്തെ ഇന്ന് ഉച്ചയോടെയാണ് ഗംഗാവാലി പുഴയിൽ നിന്ന് അർജുന്‍റെ ലോറിയും ക്യാബിനുള്ളിൽ മൃതദേഹ ഭാഗങ്ങളുമടക്കം നേവി കണ്ടെത്തിയത്. ലോറിയിൽ കണ്ടെത്തിയ മൃതദേഹ ഭാഗങ്ങൾ പുറത്തെടുക്കുകയും ചെയ്തിരുന്നു. ക്യാബിനിൽ എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗം പുറത്തെടുത്തത്.
എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ ലോറിയുടെ ഭാഗത്തിന് മുകളിലേക്ക് കയറിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ലോറി ഉയർത്തിയ ക്രെയിന് ഈ ഭാഗം അതേപടി നിലനിർത്താൻ സാധിച്ചിരുന്നു. സുരക്ഷിതമായി ഇതിൽ നിന്ന് മൃതദേഹത്തിന്റെ ഭാഗം പുറത്തെടുക്കാനുള്ള ശ്രമമാണ് വിജയം കണ്ടത്. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയിൽ കിടന്നതിനാൽ മൃതദേഹാവശിഷ്ടം അഴുകിയ നിലയിലാണ്. സിപി 2 വിൽ നിന്നാണ് ലോറി കണ്ടെടുത്തത്. ജലോപരിതലത്തിൽ നിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി കിടന്നതെന്ന് നേവി വ്യക്തമാക്കി. ജൂലൈ 16 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത് – അന്ന് രാവിലെ 8.45 നാണ് അർജ്ജുനെ കാണാതായത്. തിരച്ചിലിന്‍റെ നിരവധി ഘട്ടങ്ങൾക്ക് ശേഷം 72-ാം ദിവസമാണ് ലോറി ഗംഗാവാലി പുഴയിൽ നിന്ന് കണ്ടെത്തിയത്.