വാഷിങ്ടൺ: യുഎസ് കോൺഗ്രസ് അംഗങ്ങളും ഇന്ത്യൻവംശജരും ചേർന്ന് ക്യാപിറ്റോൾ മന്ദിരത്തിൽ ദീപാവലി ആഘോഷിച്ചു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷമുള്ള പ്രധാന ആഘോഷച്ചടങ്ങായിരുന്നു ഇത്.
ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ, സിഖ്സ് ഫോർ അമേരിക്ക, ജെയിൻ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക തുടങ്ങിയ സംഘടനകളുമായി ചേർന്ന് ബാപ്‍സ് ശ്രീ സ്വാമിനാരായൺ മന്ദിറിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
യുഎസ് കുടിയേറ്റക്കാരുടെ നാടാണെന്നും ലോകത്തിലെ ഏറ്റവും മികച്ചവരെ രാജ്യം സ്വാഗതംചെയ്യുമെന്നും റിപ്പബ്ലിക്കൻ പാർട്ടിയുടെ സെനറ്റംഗമായ റാൻഡ് പോൾ പറഞ്ഞു.
“അമേരിക്കയിൽ അതിവേഗം വളരുന്ന വംശീയ ന്യൂനപക്ഷമാണ് വിവിധ ഇന്ത്യൻ സമൂഹങ്ങൾ. നിങ്ങൾ ഏറ്റവും സമ്പന്നരും മികച്ച വിദ്യാഭ്യാസമുള്ളവരുമാണ്. ഓരോ ഏഴ് ഡോക്ടർമാരിൽ ഒരാൾ ഒരു ദേശിയാണ്.” ഇല്ലിനോയിൽ നിന്നുള്ള ജനപ്രതിനിധി രാജാ കൃഷ്ണമൂർത്തി തൻ്റെ പ്രസംഗത്തിൽ പറഞ്ഞു,
മിഷിഗനിലെ പതിമൂന്നാം കോൺഗ്രസ്സ് ജില്ലയിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് മാൻ ശ്രീ താനേദാർ, തൻ്റെ ആദ്യ ടേമിൽ തന്നെ, കോൺഗ്രസിൻ്റെ ചരിത്രത്തിൽ ആദ്യമായി ഹിന്ദു, സിഖ്, ജൈന, ബുദ്ധ കോക്കസുകൾ രൂപീകരിക്കാൻ കഴിഞ്ഞുവെന്ന് പറഞ്ഞു.
“ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ചെറുക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റുമായി ചേർന്ന് പ്രവർത്തിക്കുകയും അമേരിക്കയിൽ ഉടനീളം ഹിന്ദു സമൂഹം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും,” താനേദാർ പറഞ്ഞു.
Diwali celebrated at U.S. Capitol