ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമെതിരെ തൻ്റെ രാഷ്ട്രീയ വിരോധികൾ ‘ശത്രു ഭൈരവി യജ്ഞം’ എന്ന മന്ത്രവാദം നടത്തുന്നുവെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അവകാശപ്പെട്ടു.
മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ദുഷിച്ച കണ്ണുകളെ അകറ്റാനാണ് തൻ്റെ കൈത്തണ്ടയിൽ ചരട് ജപിച്ചുകെടിയതെന്ന് ശിവകുമാർ പറഞ്ഞു. സർക്കാരിനെതിരെ കേരളത്തിലെ രാജ രാജേശ്വരി ക്ഷേത്രത്തിന് സമീപമുള്ള ഒറ്റപ്പെട്ട സ്ഥലത്ത് മൃഗബലി ഉൾപ്പെടുന്ന ചടങ്ങ് കേരള തന്ത്രിമാർ നടത്തുന്നതായി തനിക്ക് വിവരം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“നമുക്കെതിരെ ‘ശത്രു ഭൈരവി യജ്ഞം’ നടത്താൻ കേരള തന്ത്രിമാരെ ഉപയോഗിക്കുന്നു. ദൈവവും ജനങ്ങളുടെ അനുഗ്രഹവും ഞങ്ങളെ സംരക്ഷിക്കുമെന്ന് ഞങ്ങൾക്ക് ശക്തമായ വിശ്വാസമുണ്ട്.”
ആരാണ് യാഗം നടത്തിയത്, ആരൊക്കെയാണ് അതിൽ പങ്കെടുത്തത്, ആരാണ് ഇതിന് പിന്നിലെന്ന് തനിക്ക് അറിയാമെന്നും ശിവകുമാർ പറഞ്ഞു. ആരുടെയും പേര് നേരിട്ട് പറയാതെ രാഷ്ട്രീയ എതിരാളികളാണ് ഇത് ചെയ്തതെന്നും മൃഗബലിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.