‘ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ മടങ്ങി വരരുത്’; ലബനൻ പൗരന്മാർക്ക് ഇസ്രയേലിന്‍റെ മുന്നറിയിപ്പ്

ടെൽ അവീവ്: ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലബനൻ പൗരന്മാർ ഗ്രാമങ്ങളിലേക്ക് മടങ്ങി വരരുതെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ സൈന്യം. തെക്കൻ ലബനനിലെ ഗ്രാമത്തിൽ നിന്നും മാറ്റി പാർപ്പിച്ച പൗരന്മാർക്കാണ് ഇസ്രയേൽ സൈന്യത്തിന്റെ മുന്നറിയിപ്പ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഗ്രാമത്തിലേക്ക് മടങ്ങരുത്. രാജ്യത്തിൻ്റെ തെക്ക് ഭാഗത്ത് ഇസ്രയേൽ റെയ്ഡുകൾ തുടരുകയാണ്. നിങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി ഗ്രാമങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും ഇസ്രയേൽ സൈന്യത്തിൻ്റെ അറബി ഭാഷാ വക്താവ് അവിചയ് അദ്രായി അറിയിച്ചു. തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ വഴിയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.

ജാഗ്രത പാലിക്കണം. രാജ്യത്തിന്റെ തെക്ക് ഭാഗത്തേക്കുള്ള യാത്രകൾ വിലക്കിയിട്ടുണ്ട്. അങ്ങോട്ടുള്ള ഏത് നീക്കവും നിങ്ങളെ അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിസ്ബുള്ള ഘടകങ്ങൾ, ഇൻസ്റ്റാലേഷനുകൾ, യുദ്ധ ഉപകരണങ്ങൾ എന്നിവയ്ക്ക് സമീപം താമസിക്കുന്ന ഏതൊരാളുടെയും ജീവനും അപകടത്തിലാണ്. കൂടാതെ സൈനിക ആവശ്യങ്ങൾക്കായി ഹിസ്ബുള്ള ഉപയോഗിക്കുന്ന ഏത് വീടും അക്രമണങ്ങൾക്കായി ടാർഗെറ്റു ചെയ്യപ്പെടാമന്നും കഴിഞ്ഞ ദിവസം അദ്രായി മുന്നറിയിപ്പ് നൽകിയിരുന്നു.