അമേരിക്കയിലേക്ക് പറക്കവേ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം, മലയാളി ഡോക്ടറുടെ ‘സ്മാർട്ട്’ പരിശോധനയിൽ ജീവൻ രക്ഷ! അഭിനന്ദനപ്രവാഹം

കൊച്ചി: അമേരിക്കയിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ ദേഹാസ്വാസ്ഥ്യം നേരിട്ട യാത്രക്കാരിയുടെ ജീവൻ രക്ഷിച്ച് മലയാളി ഡോക്ടറും സ്മാർട്ട് വാച്ചും. ജൂലൈ രണ്ടിന് രാത്രി ഡൽഹിയിൽ നിന്നും സാൻഫ്രാൻസിസ്‌കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിലെ 56 കാരിക്കാണ് യാത്രക്കിടെ കടുത്ത തലകറക്കവും, ആവർത്തിച്ചുളള ഛർദിയും ഉണ്ടായത്. ഇത് ശ്രദ്ധയിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരനായ ആലുവ രാജഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ജിജി വി കുരുട്ടുകുളം രോഗിയെ പരിചരിക്കുകയായിരുന്നു.

ഡോക്ടർ ആണെന്നുള്ള തന്റെ ഐഡന്റിറ്റി കാർഡ് വിമാന അധികൃതരെ കാണിച്ച ശേഷമാണ് ഡോ. ജിജി രോഗിയെ പരിശോധിച്ചത്. രോഗിയുടെ ഹൃദയമിടിപ്പ് നിരീക്ഷിക്കാൻ ഡോക്ടറെ സഹായിച്ചത് കൈയിൽ ധരിച്ചിരുന്ന ആപ്പിൾ വാച്ചായിരുന്നു. വാച്ച് ഉപയോഗിച്ച് രോഗിയുടെ ഓക്സിജൻ സാച്ചുറേഷൻ കുറവാണെന്നും, രക്തസമ്മർദം കൂടിയിരിക്കുന്നതായും ഡോക്ടർ മനസ്സിലാക്കി. വിമാനത്തിൽ ലഭ്യമായിരുന്ന മെഡിക്കൽ കിറ്റിൽ നിന്നും ഡോ. ജിജി ആവശ്യമായ മരുന്നുകൾ നൽകിയതോടെ യാത്രക്കാരിക്ക്‌ പുതുജീവൻ ലഭിക്കുകയായിരുന്നു.

വിമാനം സാൻഫ്രാൻസിസ്‌കോയിൽ പറന്നിറങ്ങുമ്പോൾ തന്നെ ജീവനക്കാർ നേരത്തെ അറിയിച്ചതനുസരിച്ച് മെഡിക്കൽ സംഘം കാത്ത് നിന്നിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗി സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. സമയോചിത ഇടപെടലിലൂടെ യാത്രക്കാരിയുടെ ജീവൻ രക്ഷിച്ച ഡോക്ടർ ജിജിയെ വിമാനത്തിലെ ക്യാപ്റ്റനും ജീവനക്കാരും മറ്റുള്ള യാത്രക്കാരും അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു ഡോ. ജിജിക്ക് ക്യാപ്റ്റൻ പ്രത്യേക സമ്മാനവും നൽകി. വിമാനത്തിൽ ഐഡന്റിറ്റി കാർഡ് പരിശോധിച്ചതിന് ശേഷം മാത്രമേ കുത്തിവയ്പ്പ് അടക്കമുളള ചികിത്സകൾ നൽകാൻ അനുവദിക്കൂ എന്നതിനാൽ യാത്ര ചെയ്യുമ്പോൾ ഡോക്ടർമാർ എപ്പോഴും അവരുടെ ഐഡി കൈവശം വെക്കണമെന്ന് ഡോ. ജിജി പറഞ്ഞു. സ്മാർട്ട് വാച്ച് പോലുള്ള ഗാഡ്ജെറ്റുകളും ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗപ്രദമാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

More Stories from this section

family-dental
witywide