തെറിവിളിക്കുന്നവരെ തുരത്തിയോടിക്കുന്ന ഗംഭീര മറുപടി! ‘ഞാൻ ഡോ. സൗമ്യ സരിൻ, എൻ്റെ മേലുള്ള ഈ വെള്ള കോട്ട് അധ്വാനത്തിന്‍റെ വെളുപ്പാണ്’

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയ ഡോ. പി സരിൻ എൽ ഡി എഫ് സ്ഥാനാർഥിയാകുമെന്ന വാർത്തകൾ പുറത്തുവന്നതോടെ തുടങ്ങിയ സൈബർ അറ്റാക്കിംഗിനെ തുരത്തിയോടിക്കുന്ന മറുപടിയുമായി സരിന്‍റെ ഭാര്യയും ഡോക്ടറുമായ സൗമ്യ സരിൻ രംഗത്ത്. ഭർത്താവും ഭാര്യയും രണ്ട് വ്യക്തികളാണെന്ന ബോധം പോലുമില്ലാതെ കമന്‍റ് ബോക്സിൽ തെറിവിളിക്കുന്നവരെ നേരിടാനുള്ള ബോധ്യം തനിക്കുണ്ടെന്ന് സൗമ്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

തന്‍റെ രാഷ്ട്രീയം എന്താണെന്ന് ഇതുവരെയും എവിടെയും പറഞ്ഞിട്ടില്ലാത്ത തന്നോട് ഈ നിലയിൽ പെരുമാറുന്നതിന്‍റെ ഔചിത്യമാണ് സൗമ്യ ചോദ്യം ചെയ്തത്. കുഞ്ഞു കുട്ടികളുടെ സൗജന്യ ഹൃദയ ശാസ്ത്രക്രിയയെ കുറിച്ച് ഇട്ട പോസ്റ്റിന്റെ താഴെ വന്നു പോലും വെറുപ്പ് വിളമ്പുന്ന ആളുകൾക്ക് ഞാൻ പറയുന്നത് എത്ര മനസ്സിലാവും എന്നെനിക്കറിയില്ലെന്നും അവർ വിവരിച്ചു. ‘എന്റെ മേലുള്ള ഈ വെള്ള കോട്ട്, അത് അധ്വാനത്തിന്റെ വെളുപ്പാണ്. അതിൽ ചെളി പറ്റിക്കാൻ ഉള്ള കെൽപ് തത്കാലം എന്റെ കമന്‍റ് ബോക്സിനില്ല!’ എന്നും വ്യക്തമാക്കിയാണ് സൗമ്യ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

സൗമ്യ സരിന്റെ കുറിപ്പ്

ഞങ്ങൾ ഡോക്ടർമാർ ഈ കോട്ട് ഇടുന്നത് ഒരു സംരക്ഷണത്തിനാണ്. അതായത് പുറത്തു നിന്നുള്ള അണുക്കൾ നമ്മുടെ ശരീരത്തിലേക്ക് കയറുന്നത് തടയാനുള്ള ഒരു കവചം! ഇങ്ങനെ ഒരു കവചം ഞാനും എനിക്ക് ചുറ്റും തീർത്തിട്ടുണ്ട്. പുറത്തു നിന്നുള്ള പുച്ഛവും പരിഹാസവും കുത്തുവാക്കുകളും തെറിവിളികളും ഒന്നും ഉള്ളിലേക്ക് കയറാതിരിക്കാൻ. അങ്ങിനെ ഒരു കവചം കുറെ കാലം കൊണ്ട് മനഃപൂർവം തന്നെ ഉണ്ടാക്കി എടുത്തതാണ്. പ്രത്യേകിച്ച് രണ്ടു കാരണങ്ങൾ കൊണ്ട്. 1. ഞാൻ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയി ഇടപെടുന്ന ഒരാൾ ആണ്. പല വിഷയങ്ങളും സംസാരിക്കാനുണ്ട്. അതിൽ ഇപ്പോൾ വേണമെങ്കിലും ഒരു വിവാദം ഉയർന്നു വരാം. വന്നിട്ടുണ്ട് പലതവണ. അതുകൊണ്ട് തന്നെ ഈ പ്ലാറ്റ്ഫോമിൽ നില്കുന്നിടത്തോളം നല്ലൊരു തൊലിക്കട്ടി ആവശ്യമാണ് എന്ന ബോധ്യം കാലക്രമേണ വന്നു ചേർന്നതാണ്. 2. എന്റെ പാർട്ണർ അദ്ദേഹത്തിന്റെ വഴിയായി തിരഞ്ഞെടുത്തത് രാഷ്ട്രീയമാണ്. അവിടെയും എന്തും എപ്പോഴും സംഭവിക്കാം. അതെന്റെ കയ്യിൽ അല്ല. അങ്ങിനെ സംഭവിക്കുമ്പോൾ ഭാര്യ എന്ന നിലയിൽ എനിക്ക് നേരെയും ആക്രമണം ഉണ്ടാകും. സ്വാഭാവികം. ഇനി ഇപ്പോൾ തെറി വിളിക്കുന്നവരോടാണ്. ഞാൻ ഇവിടെ തന്നെയുണ്ട്. കമെന്റ് ബോക്സ്‌ ഓഫ്‌ ചെയ്യാൻ പലരും ഉപദേശിച്ചു. ഒരിക്കലും ചെയ്യില്ല. നിങ്ങൾക്ക് എന്ത് വേണമെങ്കിലും പറയാം. പക്ഷെ എനിക്ക് എന്റേതായ ബോധ്യങ്ങൾ ഉണ്ട്. അത് എന്റെ ഭർത്താവ് എവിടെ നില്കുന്നു എന്ത് ചെയ്യുന്നു എന്ന് നോക്കിയല്ല. കാരണം ഞങ്ങൾ രണ്ടു വ്യത്യസ്ത വ്യക്തികൾ ആണ്. കാഴ്ചപ്പാടുകളും നിലപാടുകളും ആഗ്രഹങ്ങളും ഒക്കെ വ്യത്യസ്തമായ രണ്ടു പേർ. ഞങ്ങളെ ഒരുമിച്ചു നിർത്തുന്നത് വ്യക്തിപരമായി ഞങ്ങൾക്കിടയിലുള്ള മറ്റു പലതുമാണ്. അത് ഞങ്ങളുടെ വീടിന്റെ വാതിലിന്റെ ഇപ്പുറത്താണ്. അല്ലാതെ അപ്പുറത്തുള്ള രാഷ്ട്രീയമോ നിലപാടുകളോ ഒന്നുമല്ല. പക്ഷെ സ്ത്രീകളെ വെറും ഭാര്യമാർ മാത്രമായി കാണുന്ന ബഹുഭൂരിപക്ഷത്തിന് അത് മനസ്സിലാവില്ല എന്നും എനിക്കറിയാം. അവരുടെ മേൽ ഭർത്താക്കന്മാരുടെ ലേബൽ പതിപ്പിക്കപ്പെടുന്നതും സ്വാഭാവികം. ഞാൻ നിങ്ങളോട് എപ്പോഴാണ് രാഷ്ട്രീയം പറഞ്ഞത്? എന്റെ രാഷ്ട്രീയ നിലപാടുകൾ എന്താണെന്നു എപ്പോഴെങ്കിലും ഞാൻ ചർച്ച ചെയ്തിട്ടുണ്ടോ? ഇല്ലാ. കാരണം എന്റെ വഴി രാഷ്ട്രീയമല്ല.ഞാൻ സമൂഹത്തിൽ എന്റെ റോൾ എന്താണെന്നു കൃത്യമായി മനസ്സിലാക്കി അത് ചെയ്തു മുന്നോട്ട് പോകുന്ന ഒരാൾ ആണ്. വ്യക്തിപരമായി എനിക്കും മകൾക്കും എതിരെ അധിക്ഷേപങ്ങൾ വന്നപ്പോൾ പ്രതികരിച്ചിട്ടുണ്ട്. അപ്പോഴും ഞാൻ വ്യക്തമായി പറഞ്ഞത് ഒന്ന് മാത്രം. എന്റെ ആത്മാഭിമാനവും നിലപാടുകളും സംരക്ഷിക്കാനുള്ള ആർജവം എനിക്ക് തനിച്ചുണ്ട്. എനിക്ക് ഒരു കൊടിയുടെയും സൈബർ പോരാളികളുടെയും സഹായം വേണ്ട. ഒരു കാലത്ത് എന്നേ സപ്പോർട്ട് ചെയ്ത് സംസാരിച്ചിരുന്നവർ ഇന്ന് എതിർപക്ഷത് നിന്നും ചീത്ത വിളിക്കുന്നു. തിരിച്ചും. ഇതൊക്കെ ഞാൻ ആ സ്പിരിറ്റിൽ മാത്രമേ കാണുന്നുള്ളൂ. കാരണം നിങ്ങൾ ആരും എന്നേ ‘സൗമ്യ’ ആയി കണ്ടു ഞാൻ എന്താണെന്നു മനസ്സിലാക്കി സ്നേഹിച്ചവരല്ല. അതുകൊണ്ട് തന്നെ അതിനൊക്കെ അത്ര ആയുസ്സ് മാത്രമേ ഉണ്ടാകൂ എന്ന തിരിച്ചറിവ് എനിക്കുണ്ട്. അതുകൊണ്ട് തന്നെ തന്ന സ്നേഹത്തിലും ഇപ്പോഴത്തെ വെറുപ്പിലും ഒന്നും ഞാൻ പതറില്ല. ഞാൻ, ഡോ. സൗമ്യ സരിൻ, ഈ പേര് ഈ സമൂഹത്തിൽ കുറച്ചു പേർക്കെങ്കിലും അറിയുമെങ്കിൽ അതിനു പുറകിൽ എന്റെ വിയർപ്പാണ്. എന്റെ അധ്വാനമാണ്. എന്റെ മേൽവിലാസം ഞാൻ ഉണ്ടാക്കിയതാണ്. ഒരു ഡോക്ടർ എന്ന നിലയിൽ എന്നാൽ കഴിയുന്ന വിധം ആളുകളിലേക്ക് ഇറങ്ങി ചെല്ലാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഈ പേജ് പോലും അതിനു വേണ്ടി മാത്രമേ ഉപയോഗിച്ചിട്ടുള്ളു. ഇന്ന് കുഞ്ഞു കുട്ടികളുടെ സൗജന്യ ഹൃദയ ശാസ്ത്രക്രിയയെ കുറിച്ച് ഇട്ട പോസ്റ്റിന്റെ താഴെ വന്നു പോലും വെറുപ്പ് വിളമ്പുന്ന ആളുകൾക്ക് ഞാൻ പറയുന്നത് എത്ര മനസ്സിലാവും എന്നെനിക്കറിയില്ല. എങ്കിലും പറയുകയാണ്. എന്റെ മേലുള്ള ഈ വെള്ള കോട്ട്, അത് അധ്വാനത്തിന്റെ വെളുപ്പാണ്. അതിൽ ചെളി പറ്റിക്കാൻ ഉള്ള കെൽപ് തത്കാലം എന്റെ കമന്‍റ് ബോക്സിനില്ല!

More Stories from this section

family-dental
witywide