ന്യൂഡൽഹി: ഡൽഹിയിലെ ജംഗ്പുര പരിസരത്ത് 63 കാരനായ ഡോക്ടർ കൊല്ലപ്പെട്ട നിലയിൽ. ജനറൽ ഫിസിഷ്യനായ യോഗേഷ് ചന്ദ്ര പോളിൻ്റെ മൃതദേഹമാണ് കൈകാലുകൾ ബന്ധിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകീട്ട് 6.50ന് പോലീസ് കൺട്രോൾ റൂമിലേക്ക് വന്ന ഫോൺ കോളിനെ തുടർന്ന് ഒരു സംഘം പൊലീസ് വീട്ടിലെത്തി. ജംഗ്പുര സി ബ്ലോക്കിലെ റെസിഡൻഷ്യൽ കെട്ടിടത്തിൻ്റെ ഒന്നാം നിലയിലാണ് ഡോക്ടർ താമസിച്ചിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ കവർച്ചാ ശ്രമമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറയുന്നു. എന്നാൽ വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു.
കൊലപാതകത്തിലും കവർച്ചയിലും മൂന്നോ നാലോ പേർക്ക് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. പോളിൻ്റെ ഭാര്യ നീനയും ഡൽഹി സർക്കാർ ആശുപത്രിയിൽ ഡോക്ടറാണ്. ഡോക്ടർ ദമ്പതികളുടെ വളർത്തുനായ്ക്കളെ മറ്റൊരു മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.