കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 31 കാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. മാര്‍ച്ചിനെ പൊലീസ് തടഞ്ഞപ്പോള്‍ കൊല്‍ക്കത്തയിലെ തെരുവുകള്‍ സംഘര്‍ഷത്തിന് വഴിമാറുകയായിരുന്നു. പ്രതിഷേധക്കാരെ കണ്ണീര്‍ വാതക പ്രയോഗവും ജലപീരങ്കികളുമായാണ് പൊലീസ് നേരിട്ടത്. സമരക്കാരില്‍ ചിലര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതായും വിവരമുണ്ട്.
പ്രതിഷേധ മാര്‍ച്ചിന് അനുമതി നല്‍കിയില്ലെന്നും, ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് റാലിക്കിടെ കലാപം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയിലാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രതിഷേധക്കാരെ സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ തടയാന്‍ 6,000 പൊലീസുകാരെയാണ് വിന്യസിച്ചത്. പ്രതിഷേധക്കാരെ നിരീക്ഷിക്കാന്‍ ഡ്രോണുകളും ഉപയോഗിച്ചു.
ആഗസ്റ്റ് 9 ന് നഗരത്തിലെ ആര്‍ജി കര്‍ ആശുപത്രിയിലാണ് അതി ക്രൂരമായി യുവ ഡോക്ടര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാര്‍ എത്തിയത്. നിരവധി വിദ്യാര്‍ത്ഥി സംഘടനകളും പൗരവേദികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.